സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന തിരുവനന്തപുരം കോളിയൂർ സ്വദേശിയായ ആശാ വർക്കർ ലതയ്ക്ക് ഇനി കണ്ണീരില്ലാതെ വീട്ടിലേക്ക് മടങ്ങാം. വീട് ജപ്തി ഭീഷണിയിലായ ലതയുടെ ദുരിതജീവിതം കഴിഞ്ഞ ആഴ്ചയാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തത്. വാർത്തയ്ക്ക് പിന്നാലെ ദുബായിലുള്ള പ്രവാസി മലയാളി പണം മുഴുവൻ അടച്ച് ബാങ്കിൽ നിന്ന് വീടിന്റെ രേഖകൾ തിരികെ എടുത്തു ലതയ്ക്ക് നൽകി.
ആകെയുളള സമ്പാദ്യമായ കുഞ്ഞുവീട്ടിൽ നിന്ന് പടിയിറങ്ങാൻ തീരുമാനിച്ചതാണ് ലതയും ഉണ്ണിയും. ജപ്തി ഭീഷണിയുടെ നിഴലിൽ കഴിയുന്ന ലതയെയും കുടുംബത്തെയും കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയെ തുടർന്ന് പ്രവാസി മലയാളിയായ ഒരു പ്രേക്ഷകൻ ലതയുടെ കടബാധ്യത മുഴുവനായും ഏറ്റെടുത്തു. വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുതെന്ന കർക്കശം ആ നല്ല മനസിന് ഉണ്ടായിരുന്നു. കേരള ബാങ്കിന്റെ പൂങ്കുളം ശാഖയിൽ പണയത്തിലിരുന്ന വീടിന്റെ പ്രമാണം ലതയുടെ കൈകളിലേക്ക്.
17 വര്‍ഷമായി ആശ വര്‍ക്കറായ ലത കടബാധ്യതയും പട്ടിണിയുമായി ജീവിതം തള്ളിനീക്കുന്നതിനിടെയാണ് ഇരുട്ടടിയായി ജപ്തി ഭീഷണി കൂടെ വന്നത്. വീട് വിറ്റ് കടം വീട്ടാൻ ഇരിക്കുന്ന വേളയിലാണ് ആശാ സമരപ്പന്തലിൽ നിന്ന് ഇങ്ങനെയൊരു അപ്രതീക്ഷിത കണ്ടുമുട്ടൽ ജീവിതം തിരികെ നൽകിയതെന്ന് ലതയുടെ ഭർത്താവ് പറഞ്ഞു. സംസാരിക്കുമ്പോഴൊക്കെയും ലതയുടെയും ഉണ്ണിയുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അത്രേയേറെ വലിയൊരു ഭാരം ഇറക്കിവച്ച ആശ്വാസം മുഖത്തും. കണ്ണുകൾ ഈറനണിയുന്നെങ്കിലും ഇന്നിപ്പോൾ സങ്കടമല്ല, ഇത് ആനന്ദക്കണ്ണീരാണ്....