വയനാട് കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ആദിവാസി യുവാവ് ഗോകുലിന്റെ മരണത്തിൽ പൊലീസ് വാദം തെറ്റെന്നു മാതാവ് ഓമന മനോരമ ന്യൂസിനോട്. മരണം ആത്മഹത്യയെന്ന പൊലീസ് വാദം ശരിയല്ലെന്നും ഗോകുൽ മുമ്പ് ആത്മഹത്യ ശ്രമം നടത്തിയിട്ടില്ലെന്നും ഓമന പറഞ്ഞു. ഗോകുലിന്റെ മരണത്തിൽ സത്യാവസ്ഥ പുറത്ത് കൊണ്ട് വരാൻ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയ ഗോകുലിന്റെ മാതാവ് ഓമനയാണിത്. പെൺകുട്ടിക്കൊപ്പം കോഴിക്കോട് നിന്ന് കണ്ടെത്തി കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെ പൊലീസ് സ്റ്റേഷനിലെത്തിച്ച ഗോകുൽ ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് അറിയിച്ചത്. എന്നാൽ പൊലീസ് പറയുന്ന വാദങ്ങൾ ശരിയല്ലെന്നാണ് ഓമന പറയുന്നത്. മകന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും അങ്ങനെ ചെയ്യണമെങ്കിൽ വീട്ടിൽ ആകാമായിരുന്നില്ലേ എന്നും ഓമന.
സമഗ്രന്വേഷണം വേണമെന്നും നിലവിൽ തങ്ങൾക്ക് നീതി കിട്ടിയില്ലെന്നും മാതാവ് പ്രതികരിച്ചു. പെൺകുട്ടിക്കൊപ്പം ഗോകുലിനെ കാണാതായ ദിവസം പൊലീസ് ഊരിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ഗോകുലിന് ആത്മഹത്യ ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നു ഗോകുലിന്റെ പിതൃ സഹോദരൻ രവിയും ആരോപിച്ചു.