കേരളത്തിലെ വിദ്യാഭ്യാസ പദ്ധതികള്‍ക്കുള്ള ഫണ്ട് നല്‍കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് നഷ്ടം ഉണ്ടാക്കുന്നത് ഇടത് മുന്നണിക്കല്ല കേരളത്തിലെ കുട്ടികള്‍ക്കാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സ്കൂളുകളില്‍ നടപ്പാക്കേണ്ട പി.എം.ശ്രീ പദ്ധതിയുടെ കരാര്‍ സംബന്ധിച്ച് വ്യക്തത വരാനുണ്ടെന്നും മന്ത്രി പറഞ്ഞു. വിശദമായ പരിശോധനക്കുശേഷം മതി അന്തിമതീരുമാനമെന്ന് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
സ്കൂളുകള്‍ക്ക് മുന്നില്‍ പി.എം.ശ്രീ എന്ന് പേരുവെക്കുന്നതിലല്ല, കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച കരാറിലെ നിര്‍ദേശങ്ങള്‍സംബന്ധിച്ചാണ് സംസ്ഥാനത്തിന് വ്യത്യസ്ത അഭിപ്രായമുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിപറഞ്ഞു. കേന്ദ്ര മാനദണ്ഡങ്ങള്‍ എല്ലാം അംഗീകരിച്ച് എം.ഒ.യു ഉടന്‍ ഒപ്പിടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടുതല്‍ ചര്‍ച്ച ഇക്കാര്യത്തില്‍ ആവശ്യമാണെന്ന അഭിപ്രായം മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്നു. സിപിഐ മന്ത്രിമാര്‍ പദ്ധതിയോടുള്ള വിയോജിപ്പ് അറിയിക്കുകയും ചെയ്തു.
251 സ്കകൂളുകള്‍ക്കായി 251 കോടി രൂപ ലഭിക്കുന്നതാണ് പി.എം.ശ്രീ പദ്ധതി. 60 ശതമാനം ഫണ്ട് കേന്ദ്രം നല്‍കും. പദ്ധതി നിലവില്‍വരുന്ന സ്കൂളുകളില്‍ പി.എം.ശ്രീ സ്കൂള്‍ എന്ന ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും വെക്കണെന്ന നിബന്ധനയുണ്ട്. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കുന്നതിന്‍റെ ആദ്യചുവടായിമാറുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണ് കേരളം ഇതുവരെ പദ്ധതിയുടെ ഭാഗമാകാത്തത്. അടുത്തമന്ത്രിസഭായോഗം വിഷയം ചര്‍ച്ചചെയ്യും.