ടൂറിസ്റ്റ് ബസുകള്‍ക്കുള്ളില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന മോട്ടോര്‍ വാഹന വകുപ്പ് തീരുമാനം വിവാദത്തില്‍. യാത്രക്കാരുടെ സ്വകാര്യത നഷ്ടപ്പെടുത്തുമെന്ന് ആക്ഷേപം. തീരുമാനത്തിനെതിരെ ബസ് ഉടമകളുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച്. കാമറ യില്ലാത്ത ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കില്ലെന്ന നിലപാടിലുറച്ച് മോട്ടോര്‍ വാഹനവകുപ്പ്.
ടൂറിസ്റ്റ് ബസിന്‍റെ മുന്നിലും പിന്നിലും അകത്തും സി.സി.ടി.വി കാമറ വേണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ നിര്‍ദേശം. അപകടം, അശ്രദ്ധമായ ഡ്രൈവിങ്, ഡ്രൈവര്‍ ഉറങ്ങിപ്പോകുന്നുണ്ടോയെന്നൊക്കെ കണ്ടെത്താനാണ് കാമറയെന്നാണ് പറയുന്നത്. പക്ഷേ, മുന്നിലും പിന്നിലും കാമറ വെക്കാം. അകത്തുവെച്ചാല്‍ അത് യാത്രക്കാരുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാകുമെന്നാണ് പരാതി.
സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങള്‍ ബസ് ഉടമയുടെ മൊബൈലില്‍ കാണുന്ന തരത്തിലാണ് പിടിപ്പിക്കേണ്ടത്. ഒരു മാസം വരെ അത് സൂക്ഷിക്കുകയും വേണം. അങ്ങനെ വരുമ്പോള്‍ ബസിനുള്ളിലെ യാത്രക്കാര്‍ എന്ത് ചെയ്താലും അതെല്ലാം മൊബൈലിലെത്തും. അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയാണ് വിമര്‍ശനത്തിന് കാരണം. പക്ഷെ ഒന്നാം തീയതി മുതല്‍ കാമറയില്ലാത്ത വാഹനങ്ങളുടെയൊന്നും ടെസ്റ്റിങ് നടത്തുന്നില്ല. വിഷയത്തില്‍ ബസുടമകള്‍ ഇന്ന് സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിലാണ്. എന്നാല്‍ നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുമെന്നതിനാലാണ് ഉടമകളുടെ എതിര്‍പ്പെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ വാദം.