വയനാട് കാട്ടിക്കുളം പനവല്ലിയിൽ കലി തുള്ളിയിറങ്ങിയ കാട്ടാനയുടെ മുന്നിൽ നിന്ന് നാട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജനവാസ മേഖലയിൽ തമ്പടിച്ച ആന നിരവധി പേരുടെ പിന്നാലെ ഓടി. നിരന്തരം ശല്യമായി മാറിയ കാട്ടു കൊമ്പനെ പ്രദേശത്തുനിന്ന് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇന്നലെ രാവിലെയോടെയാണ് കാട്ടിക്കുളം പനവല്ലി റോഡിലെ കപ്പിക്കണ്ടിയിൽ കാട്ടു കൊമ്പനിറങ്ങി ഭീതി പടർത്തിയത്. കാട്ടാനയുടെ മുമ്പിൽ ആദ്യം പെട്ടത് പനവല്ലി ജംക് ഷനിലെ സജേഷ്. അമ്പത് മീറ്ററോളം ആന സജേഷിന്‍റെ പിന്നാലെ ഓടി. ഓട്ടത്തിനിടയിൽ വിണു പോയ സജേഷിന്‍റെ തൊട്ടടുത്തു നിന്നും ആന പിൻമാറിയതു കൊണ്ടു മാത്രം ജീവൻ രക്ഷപ്പെട്ടു.
നാട്ടുകാർ ബഹളം വെച്ചതോടെ ഓടിയ ആന റോഡരികിൽ നിർത്തിയിരുന്ന വാഹനം തകർത്തു. സ്വകാര്യ ബസടക്കം നിരവധി വാഹനങ്ങൾ സമീപത്തുണ്ടായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ആർ.ആർ.ടി സംഘം ഏറെ നെരത്തെ പരിശ്രമത്തിന് ശേഷം ആനയെ റസൽകുന്നിലെ വനത്തിലേക്ക് തുരത്താനായി. ഇതേ കൊമ്പൻ കഴിഞ്ഞ മൂന്നു മാസമായി പ്രദേശത്തുണ്ടെന്നും ഫെൻസിങ് അടക്കമുള്ള സംവിധാനങ്ങൾ കൃത്യമല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് നാട്ടുകാരുടെ പരാതി. മേഖലയിൽ വനപാലകരുടെ പട്രോളിങ് ശക്തമായിട്ടുണ്ട്.