വയനാട് നടവയലിലെ തകർന്ന കൻമതിൽ വർഷങ്ങളായിട്ടും വനം വകുപ്പ് പുനർനിർമിച്ചില്ല. തങ്ങൾ പിരിവെടുത്തു നിർമിക്കാമെന്ന് നാട്ടുകാർ അറിയിച്ചിട്ടും സമ്മതിച്ചതുമില്ല. തകർന്ന മതിൽ കടന്ന് കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങുന്നതോടെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
പതിറ്റാണ്ടു മുൻപ് നിർമിച്ച നടവയലിലെ കന്മതിലാണിത്. ലക്ഷങ്ങൾ ചിലവഴിച്ചു നിർമിച്ച മതിൽ വർഷങ്ങൾക്ക് മുമ്പ് ആനതകർത്തിട്ടു. നിർമാണത്തിൽ വീഴ്ച്ചയുള്ളത് കൊണ്ടാണ് ആനക്ക് എളുപ്പത്തിൽ തകർക്കാനായത് എന്നാണ് നാട്ടുകാരുടെ ആരോപണം.
മതിൽ പണിത അന്നൊക്കെ കാട്ടാനകൾക്ക് പുറത്തിറങ്ങാൻ പറ്റിയിരുന്നില്ല. പൊളിഞ്ഞതോടെ വൻ തോതിൽ ആനക്കൂട്ടം ഇതുവഴി ജനവാസമേഖലയിലെത്തി തുടങ്ങി. ഗതികെട്ടതോടെയാണ് മതിൽ തങ്ങൾ പുനർ നിർമ്മിക്കാമെന്ന് പറഞ്ഞത്. എന്നാൽ അതിനും വനം വകുപ്പ് തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതുവഴി ഇറങ്ങിയ കാട്ടാനയാണ് ഒന്നര വർഷം മുൻപ് ചീരവയലിലെ കർഷകനായ ബെന്നിയെ ഓടിക്കുകയും കമ്പിയിൽ തട്ടി വീണ് പരുക്കേൽക്കുകയും ചികിത്സക്കിടെ മരണപ്പെടുകയും ചെയ്തത്. കാടിറങ്ങുന്ന കാട്ടാനകൾ പ്രദേശത്തെ കൃഷി വൻതോതിൽ നശിപ്പിച്ചിട്ടുണ്ട്. രണ്ടു വീടുകളും തകർത്തു. മതിൽ വേഗത്തിൽ പുനർ നിർമിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.