ambulance-rape

പത്തനംതിട്ടയിൽ കോവിഡ് ബാധിതയായ പെൺകുട്ടിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതി കുറ്റക്കാരൻ എന്ന് കോടതി. തട്ടിക്കൊണ്ടുപോകലും ബലാല്‍സംഗവും അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞു. ശിക്ഷ നാളെ വിധിക്കും. കൊലക്കേസ് പ്രതി ആയിരിക്കെ  പ്രതിക്ക്108ആംബുലന്‍സില്‍ ജോലി കിട്ടിയതും വിവാദമായിരുന്നു.

കായംകുളം സ്വദേശി നൗഫലാണ് പ്രതി. 2025 സെപ്റ്റംബർ അഞ്ചിന് രാത്രി ആയിരുന്നു പീഡനം.കോവിഡ് ബാധിച്ച അടൂരില്‍ നിന്നുള്ള19വയസുള്ള പെണ്‍കുട്ടിയെ കോവിഡ് സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു ബലാല്‍സംഗം. പന്തളത്ത് ഇറക്കേണ്ട പെണ്‍കുട്ടിയെ വഴിമാറ്റി ആറന്‍മുളയില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. തട്ടിക്കൊണ്ടുപോകല്‍ ബലാൽസംഗം, പട്ടികജാതി പീഡനം എന്നീ കുറ്റങ്ങൾ ചെയ്തതായി തെളിഞ്ഞു.ആംബുലന്‍സിന്‍റെ ജിപിഎസ് വിവരങ്ങളും ഡിഎന്‍എ പരിശോധനാ ഫലവും പ്രധാന തെളിവായി. 55 സാക്ഷികളെ വിസ്തരിച്ചു. പീഡനത്തിന് ശേഷം പ്രതിപെണ്‍കുട്ടിയോട് മാപ്പു പറയുന്നത്  ഫോണില്‍ ചിത്രീകരിച്ചതും തെളിവായി.

കോവിഡ് കാലത്ത് വന്‍വിവാദമായ കേസാണ് ആംബുലന്‍സ് പീഡനം. മുഴുവന്‍ വിചാരണാ നടപടികളും ഹൈക്കോടതി ഉത്തരവ് പ്രകാരം കാമറയില്‍ പകര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം വിചാരണക്കിടെ പ്രതിയുടെ മാപ്പുപറച്ചില്‍ ഓഡിയോ കേള്‍പ്പിക്കുമ്പോള്‍ ഇരയായ പെണ്‍കുട്ടി കുഴഞ്ഞു വീണതും വാര്‍ത്തയായിരുന്നു. കേസെടുത്ത്45ദിവസത്തിനുള്ളിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിധി വരുന്നത് നാലര വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം.

ENGLISH SUMMARY:

The court has found the accused guilty in the case involving the sexual assault of a COVID-19 positive girl inside an ambulance in Pathanamthitta. Charges including abduction and rape have been proven. The sentence will be pronounced tomorrow. The fact that the accused, who was also an accused in a murder case, managed to get a job in a 108 ambulance had earlier sparked controversy