കഴിഞ്ഞ മാസം 29-ാo തിയതിയായിരുന്നു അപകടം. രാത്രി കൂട്ടുകാരനുമൊത്ത് ചങ്ങനാശ്ശേരിയിലെ സിനിമ തിയേറ്ററിൽ എമ്പുരാൻ കാണാൻ പോയതായിരുന്നു പതിനാറുകാരൻ. അച്ഛൻറെ പേരിൽ രജിസ്റ്റർ ചെയ്ത സ്കൂട്ടറിലായിരുന്നു യാത്ര. പക്ഷേ ചങ്ങനാശ്ശേരി എസ്റ്റേറ്റ് പടി ഭാഗത്ത് വെച്ച് യാത്ര അവസാനിച്ചു.
എതിരെ വന്ന കാറ് സ്കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നു. സ്കൂട്ടർ തകർന്നു. പരിക്കേറ്റ 16കാരനെയും സുഹൃത്തിനെയും ഉടൻ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. പക്ഷേ വഴിയിൽ വെച്ച് തന്നെ 16 കാരൻ മരണപ്പെട്ടിരുന്നു. സ്കൂട്ടറിന് പിന്നിലിരുന്ന കൂട്ടുകാരനും ഗുരുതരമായി പരിക്കേറ്റു. ചികിത്സയിൽ തുടരുകയാണ്.
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ ഓടിക്കാൻ അനുവാദം കൊടുത്തതിന്റെ പേരിലാണ് അച്ഛനെ കേസിൽ പ്രതിചേർത്തത്. കേരള മോട്ടോർ വാഹന നിയമപ്രകാരമാണ് നടപടി. അപകടമുണ്ടാക്കിയ കാറുകാരനെയും പ്രതി ചേർത്തിട്ടുണ്ട്. പൊലീസ് നിയമനടപടി തുടരുകയാണ്.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകരുതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കർശന നിർദേശം. നിയമം ലംഘിച്ചാൽ വാഹന ഉടമയ്ക്കെതിരെ കേസെടുക്കും. അവധിക്കാലം കൂടി കണക്കിലെടുത്ത് മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം എന്നാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം. മരിച്ച 16 കാരൻറെ മൃതദേഹം സംസ്കരിച്ചു.