മുനമ്പം വഖഫ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചു വരുത്തണമെന്ന വഖഫ് ബോർഡിന്‍റെ ആവശ്യം വഖഫ് ട്രൈബ്യൂണല്‍ തള്ളി. പറവൂർ സബ് കോടതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തണമെന്ന ഹർജിയാണ് ജസ്റ്റിസ് രാജന്‍ തട്ടില്‍ അധ്യക്ഷനായ ട്രൈബ്യൂണല്‍ തള്ളിയത്. ട്രൈബ്യൂണൽ ഉത്തരവിന്‍റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.

മുനമ്പത്തേത്  വഖഫ് ഭൂമി ആണെന്ന് 1969 ൽ ഫാറൂഖ് കോളേജ് പറവൂർ സബ് കോടതിയിൽ സത്യവാങ്മൂലം നൽകിയെന്ന് വാദിച്ചതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യം വഖഫ് ബോർഡിന്‍റെ അഭിഭാഷകൻ വഖഫ് ട്രൈബ്യൂണലിന്‍റെ  മുന്നിൽ ഉന്നയിച്ചത്. എന്നാൽ രേഖകൾക്കായി ട്രൈബ്യൂണൽ ഇടപെടിലെന്നും വഖഫ് ബോർഡിന് പറവൂർ  കോടതിയിൽ നിന്ന് സർട്ടിഫൈഡ് കോപ്പികൾ  വാങ്ങാമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു.

വഖഫ് ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീല്‍ നൽകാനാണ് വഖഫ് ബോർഡിന്‍റെ തീരുമാനം. എന്നാൽ അങ്ങനെയൊരു സത്യവാങ്മൂലം ഉണ്ടോ എന്ന് അറിയില്ലെന്നാണ് ഫാറൂഖ് കോളേജിന്‍റെ അഭിഭാഷകൻ മായിൻ വ്യക്തമാക്കിയത്. മുനമ്പത്തേത് വഖഫ് ആണെന്ന 1971 ലെ പറവൂർ സബ് കോടതി വിധി ശരിവച്ചുള്ള 1975 ലെ  ഹൈക്കോടതി വിധിയാണ് ഇന്ന് ട്രൈബ്യൂണൽ പരിശോധിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നുള്ള വഖഫ് ബോർഡിന്‍റെ 2019-ലെ ഉത്തരവും വഖഫ് റജിസ്റ്ററിൽ സ്ഥലം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഫാറൂഖ് കോളേജിന്‍റെ ഹർജിയിലാണ് വാദം തുടരുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡ് പറയുമ്പോൾ അല്ലെന്ന നിലപാടാണ് ഫറൂഖ് കോളജ് മാനേജ്മെന്‍റെ അസോസിയേഷൻ ട്രൈബ്യൂണലിലും ആവർത്തിക്കുന്നത്.

ENGLISH SUMMARY:

The Waqf Tribunal has rejected the Waqf Board’s request to summon documents related to the Munambam Waqf case. The petition sought to summon the case records from the Paravur Sub Court. The tribunal, chaired by Justice Rajan Thattil, dismissed the plea