ചാലക്കുടി പുഴയുടെ രണ്ടു കരകളിലും അഞ്ചു കിലോമീറ്റർ ജനകീയ തിരച്ചിൽ നടത്തിയിട്ടും പുലിയെ കിട്ടിയില്ല. ഒരു മാസമായി നാട്ടുകാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും കബളിപ്പിച്ച് പുലിയുടെ ഒളിച്ചുക്കളി തുടരുന്നു.
ചാലക്കുടി പുഴയുടെ തീരങ്ങളിലുള്ള മൺതിട്ടകളിൽ പുലിത്താവളമെന്ന നിഗമനത്തിലായിരുന്നു വനം വകുപ്പിൻ്റെ തിരച്ചിൽ. പുഴയുടെ രണ്ടു കരകളിലും തിരഞ്ഞു. ഉദ്യോഗസ്ഥർക്കൊപ്പം ജനങ്ങളും തിരച്ചിലിനിറങ്ങി. രാവിലെ തുടങ്ങിയ ജനകീയ തിരച്ചിൽ ഉച്ചവരെ നീണ്ടു. പുലിയെ അവസാനം കണ്ട കാടുക്കുറ്റി പഞ്ചായത്തിലായിരുന്നു തിരച്ചിൽ . ചാലക്കുടി , വാഴച്ചാൽ ഡിവിഷനുകളിലെ ഒട്ടേറെ വനപാലകർ തിരച്ചിലിന് എത്തി.
ആദ്യം പുലിയെ കണ്ടത് കൊരട്ടി പഞ്ചായത്തു പരിധിയിൽ . പിന്നെ ചാലക്കുടി നഗരസഭ പരിധിയിൽ. പുലിയെ അവസാനം കണ്ടതാകട്ടെ കാടുക്കുറ്റി പഞ്ചായത്തു പരിധിയിലും. ഒട്ടേറെ കൂടുകളും കാമറകളും സ്ഥാപിച്ചു. പുലിയെ ഇതുവരെ കൂട്ടിലാക്കാനായില്ല.