students-layers-clash
  • സംഘര്‍ഷം ബാര്‍ അസോസിയേഷന്‍റെ വാര്‍ഷിക ആഘോഷത്തിനിടെ
  • മദ്യപിച്ച് ലക്കുകെട്ട് അഭിഭാഷകര്‍ മോശമായി പെരുമാറിയെന്ന് വിദ്യാര്‍ഥികള്‍
  • പരിപാടി അലങ്കോലപ്പെടുത്തിയത് വിദ്യാര്‍ഥികളെന്ന് അഭിഭാഷകര്‍
  • സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം

എറണാകുളം നഗരത്തിൽ അർധരാത്രിയില്‍ അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ സംഘർഷം. ജില്ലാ കോടതിയിലും പരിസരത്തുമായുണ്ടായ ഏറ്റുമുട്ടലിൽ തടയാൻ എത്തിയ പൊലീസുകാരടക്കം പത്തിലേറെ പേർക്ക് പരുക്കേറ്റു. കോടതി വളപ്പിൽ നടന്ന ബാർ അസോസിയേഷന്റെ വാർഷിക ആഘോഷത്തിനിടെയാണ് സംഘർഷമുണ്ടായത്. ആഘോഷങ്ങളുടെ ഭാഗമായി നടന്ന സംഗീത വിരുന്നിൽ  മഹാരാജാസ് കോളേജിലെ വിദ്യാർഥികളും പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനിടെ ഉടലെടുത്ത തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.  

അതേസമയം, അക്രമം നടത്തിയത് നൂറിലേറെ വരുന്ന അഭിഭാഷകരാണെന്ന് വിദ്യാർഥികൾ മനോരമ ന്യൂസിനോട് പറ‍ഞ്ഞു. ബെൽറ്റ്, മദ്യക്കുപ്പികൾ, കമ്പി വടി എന്നിവ ഉപയോഗിച്ചായിരുന്നു. മദ്യപിച്ച് ലക്കുകെട്ട അഭിഭാഷകർ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ജില്ലാ കോടതിക്കുള്ളിലെ വഴിയിലൂടെ നടന്നതിന്‍റെ പേരിലാണ് ആക്രമിച്ചതെന്നും ഒപ്പമുണ്ടായിരുന്ന അംഗപരിമിതനായ വിദ്യാര്‍ഥിയെ വളഞ്ഞിട്ട് തല്ലിയെന്നും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി. നിയമം ലംഘിച്ച് അര്‍ധരാത്രി കഴിഞ്ഞും കോടതി വളപ്പില്‍ ഡിജെ പാര്‍ട്ടി നടത്തിയെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 

എന്നാല്‍ വാര്‍ഷിക ആഘോഷങ്ങള്‍ക്കിടയിലേക്ക് വിദ്യാര്‍ഥികള്‍ അതിക്രമിച്ച് കയറിയെന്നും ഭക്ഷണം കഴിച്ചതിന് പുറമെ വനിതാ അഭിഭാഷകരോട് അപമര്യാദയായി പെരുമാറിയെന്നും അഭിഭാഷകര്‍ പറയുന്നു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ മുപ്പതംഗ സംഘം ആയുധങ്ങളുമായെത്തിയെന്നും ഇവരെ കോടതി വളപ്പില്‍ നിന്ന് പുറത്താക്കുകയാണ് ഉണ്ടായതെന്നും അഭിഭാഷകര്‍ അവകാശപ്പെട്ടു.

ENGLISH SUMMARY:

Violence erupted during the Bar Association’s annual celebration in Ernakulam as lawyers and Maharaja's College students clashed. Over ten, including police officers, injured. Students allege assault and misconduct by intoxicated lawyers.