തീരുവ യുദ്ധം രൂക്ഷമായതോടെ രാജ്യാന്തര തലത്തില്‍ സ്വര്‍ണവില റെക്കോഡ് തകര്‍ത്ത് കുതിയ്ക്കുന്നു. കേരളത്തില്‍ പവന് 1480 രൂപ കൂടി വില എഴുപതിനായിരത്തിന് അടുത്തെത്തി. ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും ഇന്ന് മുന്നേറ്റം പ്രകടമായി.
അമേരിക്ക– ചൈന വ്യാപാര യുദ്ധം മുറുകുമ്പോള്‍ സ്വര്‍ണ വിലയിലുണ്ടാകുന്നത് വലിയ ചാഞ്ചാട്ടം. ഇതിന്‍റെ ചുവടുപിടിച്ച് കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് ഇന്ന് 185 രൂപ കൂടി 8,745 രൂപയായി. ഒരു പവന് 69,960 രൂപ. 1480 രൂപയുടെ വര്‍ധന. അഞ്ച് ശതമാനം പണിക്കൂലി കൂടി ചേര്‍ക്കുമ്പോള്‍ ഒരു പവര്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഇനി മുക്കാല്‍ ലക്ഷം രൂപ കൊടുക്കേണ്ടിവരും. തീരുവ ആഘാതത്തിന് പുറമേ സ്വര്‍ണ അധിഷ്ഠിത എക്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള പണമൊഴുക്കും വില കൂടാന്‍ കാരണമായി.
അതേസമയം, ഇന്ന് ഓഹരി വിപണിയില്‍ മുന്നേറ്റം പ്രകടമായി. സെന്‍സെക്സ് 1,490 ഉം നിഫ്റ്റി 480ഉം പോയിന്‍റ് വരെ ഉയര്‍ന്നു. ബാങ്കിങ്, ഐ.ടി, എനര്‍ജി സെക്ടറുകളെല്ലാം നേട്ടത്തിലാണ്. ജപ്പാന്‍, ഹോങ്ക്കോങ്ങ് തുടങ്ങി ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ച തീരുമാനം വിപണിക്ക് അനുകൂലമായി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും ഇന്ന് മുന്നറ്റമുണ്ടായി. 55 പൈസ ഉയര്‍ന്ന് 86.14 എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.