പി.എം.ശ്രീ പദ്ധതിയില്‍ ഒപ്പിടാത്തതിനാല്‍ കേരളത്തിലെ സ്കൂളുകള്‍ക്ക് ലഭിക്കേണ്ട 794 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു വെച്ചു. ഇതോടെ പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ യാത്രാ സൗകര്യം മുതല്‍ സൗജന്യയൂണിഫോം വരെ മുടങ്ങി. സമഗ്രശിക്ഷാ അഭിയാന്‍ വന്‍ പ്രതിസന്ധിയിലായതോടെയാണ് പി.എം.ശ്രീ അംഗീകരിക്കാനുള്ള നീക്കം സര്‍ക്കാര്‍ ആരംഭിച്ചത്.
വിദ്യാഭ്യാസ മന്ത്രിയുടെ ഈ വാക്കുകളിലുണ്ട് കേന്ദ്ര സര്‍ക്കാരിന്‍റെ ഏകപക്ഷീയ നയങ്ങളുണ്ടാക്കിയ പ്രതിസന്ധിയുടെ ആഴം. പി.എംശ്രീയില്‍കേരളം ഒപ്പിട്ടില്ല എന്ന ഒറ്റക്കാരണത്താല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സമഗ്രശിക്ഷാ അഭിയാന് കിട്ടേണ്ട 794.12 കോടി രൂപയാണ് കേന്ദ്രം തടഞ്ഞു വെച്ചിരിക്കുന്നത്. 2023–24 സാമ്പത്തികവര്‍ഷത്തില്‍ 280.54 കോടിയും 2024–25 ല്‍ 513.54 കോടിയും നല്‍കിയില്ല. ഇതോടെ എസ്.എസ്.എ വഴി നടപ്പാക്കുന്ന പ്രധാന പദ്ധതികളാകെ അവതാളത്തിലായി. സൗജന്യ പാഠപുസ്തകം, യൂണിഫോം എന്നിവ നല്‍കാനാവാത്ത സ്ഥിതിയാണ്. വയനാട്ടിലും ഇടുക്കിയിലും മാത്രമല്ല, തിരുവനന്തപുരത്തുപോലും സ്കൂള്‍യൂണിഫോം പുതിയത് കിട്ടാത്തതിനെ തുടര്‍ന്ന് സ്കൂളിലെത്താത്തകുട്ടികളുണ്ട്. സ്കൂളുകള്‍ ഇക്കാര്യം എസ്.എസ്.എയെ അറിയിച്ചിട്ടുണ്ട്. ആദിവാസി ഗ്രാമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സ്കൂളിലെത്താന്‍ വാഹന സൗകര്യം നല്‍കാനും വന്യമൃഗ ശല്യമുള്ളയിടത്ത് സുരക്ഷിതരായി എത്തിക്കാന്‍ സഹായിയെ ഒപ്പം കൊണ്ടുപോകാനും പദ്ധതികളുണ്ട്. പണമില്ലാത്തതിനാല്‍ ഇവയും മുടങ്ങി. ഇതിലും ദയനീയമാണ് പ്രത്യേക പരിഗണവേണ്ട കുട്ടികളുടെ അവസ്ഥ .വീല്‍ചെയര്‍മുതല്‍ കണ്ണടവരെ ഇവര്‍ക്കിപ്പോള്‍ നല്‍കാനാവുന്നില്ല. Occupational therapy, speech therapy , physio therapy എന്നിവയും ഇല്ല. നയങ്ങളുടെ പേരില്‍ വാശിപിടിക്കുന്നവര്‍ ശിക്ഷിക്കുന്നത് അസാധാരണക്കാരായ വിദ്യാര്‍ഥികളെയാണെന്ന് വ്യക്തം.