കൊച്ചിയിൽ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം. എറണാകുളം ഗസ്റ്റ് ഹൗസിന് മുൻപിലാണ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. ഗസ്റ്റ് ഹൗസിൽ നിർത്തിയിട്ടിരുന്ന മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പ്രതിഷേധക്കാർ പാഞ്ഞടുത്തു. ഗസ്റ്റ് ഹൗസിൽ കനത്ത പൊലീസ് കാവൽ ഉണ്ടായിരുന്നുവെങ്കിലും തുറന്നിട്ട ഗേറ്റിലൂടെ പ്രതിഷേധക്കാർ അകത്തു കയറുകയായിരുന്നു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എസ്.എഫ്.ഐ.ഓ അന്വേഷണത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പത്തിലധികം വരുന്ന പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഓൾ ഇന്ത്യ പൊലീസ് ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി തങ്ങിയത് ഗസ്റ്റ് ഹൗസിൽ ആയിരുന്നു.