എല്ലാം നഷ്‌ടപ്പെട്ട തങ്ങള്‍ എന്ത് വെച്ച് വായ്‌പയടക്കും എന്നാണ് മുണ്ടകൈ– ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ ചോദിക്കുന്നത്. ദുരന്തബാധിതരുടെ 35 കോടിരൂപയുടെ വായ്‌പകള്‍ എഴുതിതള്ളാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചതോടെ പ്രതിഷേധം കടുപ്പിക്കാനാണ് ദുരന്തബാധിതരുടെ ആക്ഷന്‍കമ്മിറ്റികളുടെ തീരുമാനം.
ഉരുള്‍പൊട്ടലിന്‍റെ എട്ടാം മാസവും ബാങ്ക് വായ്‌പയെന്ന കെണി ദുരന്തബാധിതരുടെ തലയില്‍ നിന്ന് മാറിയിട്ടില്ല. 10, 11, 12 വാര്‍ഡുകളിലെ 779പേര്‍ക്കായി 30കോടിക്കു മുകളില്‍ ബാധ്യതകളുണ്ട്. കൂടുതലും കൃഷിക്കും കച്ചവടത്തിനും വീടു നിര്‍മാണത്തിനും വാഹനങ്ങള്‍ക്കു വേണ്ടിയുമാണ് കടമെടുത്തത്. ഉള്ളതെല്ലാം പാടെ തകര്‍ന്നിട്ടും പണം തിരിച്ചടക്കണമെന്ന ബാങ്കുകളുടെ നിലപാടില്‍ നിരാശക്കപ്പുറം അമര്‍ഷം കൂടി ബാക്കിയാവുന്നുണ്ട്. അതിനിടെ വായ്‌പകള്‍ എഴുതിതള്ളാനാവില്ലെന്ന് ഹൈകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിച്ചതോടെ പ്രതീക്ഷയറ്റ സ്ഥിതിയിലാണ്.
പലതവണ പ്രതിഷേധിച്ചു, കേന്ദ്രമന്ത്രിമാര്‍ക്കടക്കം നിവേദനം കത്തു നല്‍കി കാത്തിരുന്നു. എന്നിട്ടും നിരാശയാണ് ഫലം. അതിനിടെ ദുരന്തബാധിതരില്‍ പലര്‍ക്കും ബാങ്കുകളില്‍ നിന്നു നോട്ടിസും ഭീഷണിയും വന്നു തുടങ്ങി. നിലവില്‍ കേരള ബാങ്ക് മാത്രമാണ് വായ്‌പകള്‍ എഴുതി തള്ളിയത്. 46 ബാങ്കുകളിലെ ദുരന്തബാധിതരുടെ എല്ലാ വായ്‌പകളും എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ദുരന്തബാധിതരുടെ ആക്ഷന്‍കമ്മിറ്റികള്‍.