മുനമ്പത്തെ വഖഫ് ഭൂമി ബന്ധപ്പെട്ട കേസില്‍ തൃശൂര്‍ വഖഫ് ട്രൈബ്യൂണലിന്റെ സുപ്രധാന നിരീക്ഷണം. വില്‍പന വിലക്ക് വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിക്കല്ലേയെന്ന് ട്രൈബ്യൂണല്‍. 1950ല്‍ സിദ്ദിഖ് സേട്ട് ഫാറൂഖ് കോളജിന് നല്‍കിയ ഭൂമി വഖഫ് ബോര്‍ഡില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വഖഫ് ചെയ്താല്‍ ഭൂമി മൂന്നുമാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിലവിലെ ചട്ടം. 1954ലെ വഖഫ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി വില്‍ക്കുന്നതിന് തടസ്സമില്ലെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. കേസില്‍ 1994ലെ വഖഫ് ഭേദഗതി നിയമം കൂടി ട്രൈബ്യൂണല്‍ വിശദമായി പരിശോധിക്കും.
1971ലെ പറവൂര്‍ സബ്‌കോടതിയിലെ നടപടികളാണ് വാദമുഖങ്ങള്‍ സ്ഥാപിയ്ക്കുന്നതിനായി വഖഫ് ബോര്‍ഡ് ആശ്രയിച്ചത്. അന്നത്തെ സത്യവാങ്മൂലത്തിൽ ഭുമി വഖഫ് ആണെന്ന് ഫറൂഖ് കോളേജ് വ്യക്തമാക്കിയതാണെന്നാണ് വഖഫ് ബോർഡിന്റ വാദം. ഈ രേഖ വിളിച്ചുവരുത്തണമെന്ന ആവശ്യം ആദ്യം തള്ളിയ ട്രൈബ്യൂണൽ ആ കോടതി നടപടികൾ അപ്രസക്തമാണെന്നാണ് അഭിപ്രായപ്പെട്ടു. ഭൂമിയുടെ കൈവശാവകാശവുമായി ബന്ധപ്പെട്ടുള്ള കേസായതുകൊണ്ട് ഭൂമി വഖഫ് ആണോ എന്ന് ഇതിൽ നിന്ന് വ്യക്തമാകില്ലെന്ന് ട്രൈബ്യൂണല്‍ നീരീക്ഷിച്ചു.