കായംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒൻപത് വയസുകാരി മരിച്ചു. ചികിത്സാ പിഴവ് ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. കായംകുളം കണ്ണമ്പള്ളി ചക്കാലത്തറയിൽ അജിത് - ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മിയാണ് മരിച്ചത്.
ഇന്ന് രാവിലെ ആശുപത്രിയില്‍ വെച്ച് കുത്തിവയ്പ് എടുത്തിരുന്നു. ഇതോടെ ഉറക്കത്തിലായ കുട്ടി ഉണരാതെ വന്നതോടെ ഡോക്ടർ പരിശോധന നടത്തി. അപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ രോഷാകുലരായ ബന്ധുക്കൾ ആശുപത്രി അധികാരികളോട് തട്ടിക്കയറുകയും ആശുപത്രിയുടെ ജനൽ ചില്ലുകൾ തല്ലിത്തകർക്കുകയും ചെയ്തു.
വ്യാഴാഴ്ചയാണ് പനിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.