ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്ഗേവാറുടെ പേരില്‍ പാലക്കാട് നഗരസഭ ഭിന്നശേഷിക്കാര്‍ക്കായി നിര്‍മിക്കുന്ന കെട്ടിടത്തെച്ചൊല്ലിയുള്ള തര്‍ക്കം രാഷ്ട്രീയ ബലാബലത്തിലേക്ക്. കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയുള്ള തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യാനുള്ള നീക്കം കോണ്‍ഗ്രസ് തുടങ്ങിയപ്പോള്‍ ഒരടി പിന്നോട്ടില്ലെന്ന നിലപാടിലാണ് ബി.ജെ.പി ഭരണസമിതി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ വ്യക്തിപരമായി ഭീഷണിപ്പെടുത്തി അധിക്ഷേപിക്കുന്ന സ്ഥിതിയിലേക്ക് വരെയെത്തി ആരോപണ പ്രത്യാരോപണങ്ങള്‍.
ഒരു പേരില്‍ തുടങ്ങിയ കലഹം ബലാബലത്തിന്‍റെ വഴിയറിയുകയാണ്. നിയമപരമായ പോരോട്ടത്തിന് തുടക്കമിട്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആര്‍എസ്എസ് നേതാക്കളെ അധിക്ഷേപിച്ചാല്‍ രാഹുല്‍ പാലാക്കാട്ട് ട്രെയിനിറങ്ങണമോ എന്നത് ജനങ്ങള്‍ തീരുമാനിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്.
തടസം പറയുന്നവര്‍ ഹെഡ് വേഗറെക്കുറിച്ച് കൃത്യമായി പഠിച്ചിട്ട് വരണമെന്ന് പാലക്കാട് നഗരസഭ ഭരണസമിതി. കളിക്കളത്തിനും ജിംനേഷ്യത്തിനുമായി രണ്ട് വ്യക്തികള്‍ നല്‍കിയ ഇരുപത് സെന്‍റ് ഭൂമി. വാക്ക് പറഞ്ഞിരുന്ന പദ്ധതിക്കല്ലെങ്കില്‍ തിരികെയെടുക്കുമെന്ന ധാരണയുള്ള മണ്ണ്. ഇതോടൊപ്പം 1.25 കോടി ചെലവില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള കെട്ടിടം നിര്‍മിച്ച് നല്‍കാമെന്ന സ്വകാര്യ കമ്പനിയെയും നഗരസഭ തെറ്റിദ്ധരിപ്പിച്ചുവെന്ന വിമര്‍ശനവും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.