മുനമ്പം, വഖഫ് ബില്‍ വിഷയങ്ങളില്‍ വിദ്വേഷം പരത്തുന്നതിനെ എതിര്‍ത്ത് സമസ്തയും ലത്തീന്‍ കത്തോലിക്ക സഭയും. മുനമ്പത്തെ ഭൂപ്രശ്നം ക്രൈസ്തവ–മുസ്ലിം സംഘര്‍ഷ വിഷയമാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ടെന്നും ഇത് ശരിയല്ലെന്നും ലത്തീന്‍സഭ ജീവനാദത്തിലെ മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. വഖഫ് ബോര്‍ഡില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്തുന്നതിലും സഭ വിയോജിപ്പ് വ്യക്തമാക്കി. വിഷയത്തില്‍ ഇതര കത്തോലിക്ക സഭകള്‍ സ്വീകരിക്കുന്ന നിലപാടിനോടും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. മലയോരത്തേത് പോലെ തീരത്തും വിദ്വേഷം പരത്താന്‍ ശ്രമിക്കുന്നവര്‍ ഈയാംപാറ്റകളാകുമെന്ന് മുഖപ്രസംഗം മുന്നറിയിപ്പ് നല്‍കുന്നു.
അതിനിടെ വഖഫ് പ്രക്ഷോഭത്തില്‍ ബ്രദര്‍ഹുഡ് ചിത്രങ്ങള്‍ ഉപയോഗിച്ചത് അട്ടിമറി നീക്കമാണെന്ന് എപി വിഭാഗം സമസ്തയുടെ മുഖപത്രമായ സിറാജില്‍ വിമര്‍ശനം. തീവ്രവാദ കാഴ്ചപ്പാടുള്ള ബ്രദര്‍ഹുഡിന് വഖഫ് സംരക്ഷണത്തില്‍ എന്ത് ബന്ധമാണുള്ളതെന്നും എപി വിഭാഗം ചോദ്യമുയര്‍ത്തുന്നു. മുസ്ലിംകളെ ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാര്‍ വഖഫ് ഭേദഗതി പാസാക്കിയതെങ്കിലും ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമെന്ന നിലയില്‍ മതേതര പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ഈ നിയമത്തെ പ്രതിരോധിക്കാന്‍ രംഗത്ത് വന്നിട്ടുണ്ടെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ജമാ അത്തെ ഇസ്ലാമി ഇതാദ്യമായിട്ടല്ല മതേതര പ്രസ്ഥാനങ്ങളുടെ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും തങ്ങളുടെ ആശയ രാഷ്ട്രീയ പരിസരം വികസിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്നതെന്നും പൗരത്വ ഭേദഗതി പ്രക്ഷോഭ സമയത്തടക്കം അവര്‍ ഇത്തരം തന്ത്രങ്ങള്‍ പയറ്റിയിട്ടുണ്ടെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണം രാജ്യവ്യാപകമായി മുസ്ലിം സമുദായം തെറ്റിദ്ധരിക്കപ്പെടുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.