അമ്മയുടെ ഉദരത്തില്‍ കിടന്ന് ആ നാലുമാസം പ്രായമായ കുഞ്ഞും എരിഞ്ഞമര്‍ന്ന് ബാധ്യതകളില്ലാത്ത ലോകത്തേക്ക്. കണ്ടു നില്‍ക്കാനാവാത്ത കാഴ്ചകളാണ് ഇന്നലെ ഉപ്പുതറയിലെ ആ വീട്ടില്‍ സംഭവിച്ചത്. ഇടുക്കി ഉപ്പുതറ സ്വദേശി സജീവ് മോഹനനും ഭാര്യ രേഷ്മയും മക്കളായ ദേവനേയും ദിയയേയും കെട്ടിത്തൂക്കിയ ശേഷം ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്.
വ്യാഴാഴ്ച്ച രാവിലെ എട്ടിനും ഒൻപതിനും ഇടയിലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കടബാധ്യതയാണ് മരണത്തിനു കാരണമെന്ന കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സജീവനെ കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഇതിൽ വ്യക്തത വരുത്താൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും. സജീവ് മൂന്ന് ലക്ഷം രൂപ വായ്പയെടുത്ത സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ജീവനക്കാർ ഭീഷണിപ്പെടുത്തിയോയെന്ന് കണ്ടെത്താൻ സജീവിന്റെ മൊബൈൽ ഫോണും പൊലീസ് പരിശോധിക്കും.
ആംബുലൻസിൽ നിന്നിറക്കിയ കുട്ടികളുടെ മൃതദേഹങ്ങൾ അവസാനമായി വീടിനുള്ളിലേക്കു കയറ്റിയതോടെ കൂട്ടനിലവിളിയാണ് ഉയർന്നത്. ഓടിക്കളിച്ചുനടന്ന വീട്ടിൽ നിന്നു പുറത്തേക്കിറക്കിയ ഇരുവരുടെയും മൃതദേഹങ്ങൾ മുറ്റത്തു തയാറാക്കിയ പന്തലിൽ കിടത്തി. പിന്നാലെ സജീവിന്റെയും രേഷ്മയുടെയും മൃതദേഹങ്ങൾ എത്തിച്ചു കുട്ടികൾക്ക് ഇരുവശത്തുമായി കിടത്തിയതോടെ ഈ കാഴ്ച കണ്ടുനിൽക്കാനാവാതെ കൂട്ടനിലവിളിയുയർന്നു. നാടൊന്നാകെ അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയതോടെ വീടും പരിസരവും ജനസാഗരമായി. ഇവരെ നിയന്ത്രിക്കാൻ പൊലീസും നാട്ടുകാരും ഏറെ ബുദ്ധിമുട്ടി.
ഒരുമണിക്കൂർ നീണ്ട പൊതുദർശനത്തിനു ശേഷം മതാചാര പ്രകാരമുള്ള അന്ത്യകർമങ്ങൾ ആരംഭിച്ചു. സജീവിന്റെ സഹോദരന്റെ മകനും സഹോദരിയുടെ മകളുമാണ് അന്ത്യകർമങ്ങൾ ചെയ്തത്. ഒടുവിൽ ചിതയ്ക്കു തീകൊളുത്തിയപ്പോൾ ബാധ്യതകളില്ലാത്ത ലോകത്തേക്ക് അവർ യാത്രയായി. അച്ഛനേയും അമ്മയേയും രണ്ടു ചിതയൊരുക്കി യാത്രയാക്കിയപ്പോള്‍ കുഞ്ഞുസഹോദരങ്ങളായ ദേവനും ദിയയ്ക്കും ഒരേ ചിതയില്‍ അവസാന ഉറക്കം.