pg-manu-pleader

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ഗവണ്‍മെന്റ് മുന്‍ പ്ലീഡര്‍ പിജി മനു മരിച്ച നിലയില്‍. കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന കൊല്ലത്തെ വാടക വീട്ടിലാണ് മനുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബലാല്‍സംഗക്കേസില്‍ ക‍ര്‍ശന ഉപാധികളോടെ മാര്‍ച്ച് അവസാനം മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. 

2018ല്‍ താന്‍ ഇരയായ പീഡനക്കേസിന്റെ നിയമവഴികള്‍ ചര്‍ച്ചചെയ്യാന്‍ 2024 ഒക്ടോബര്‍ 9 നാണ് ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്ന മനുവിനെ യുവതി സമീപിക്കുന്നത്. ഒക്ടോബര്‍ 9 ന് അച്ഛനും അമ്മയ്ക്കും ഒപ്പം മനുവിന്റെ കടവന്ത്ര ഓഫിസിൽ എത്തിയ തന്നെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കേസിന്റെ കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതിനാല്‍ മാതാപിതാക്കളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടശേഷം വാതില്‍ അടച്ചിട്ടായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു. കേസില്‍ ഇരയായ താന്‍ പ്രതിസ്ഥാനത്ത് എത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടി തന്നെ ഭയപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിലുണ്ട്. 

വാട്സാപ് കോളും ചാറ്റുംവഴി അശ്ളീല സംഭാഷണം തുടര്‍ന്ന പ്രതി പിന്നീട് ഒക്ടോബര്‍ പതിനൊന്നിനും കേസുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി പീ‍‍ഡനശ്രമം തുടര്‍ന്നെന്നും മറ്റൊരിക്കല്‍ മാതാപിതാക്കളും സഹോദരനും വീട്ടില്‍ ഇല്ലാത്ത സമയം വീട്ടിലെത്തിയ പ്രതി വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി തന്നെ ബലാല്‍സംഗം ചെയ്തെന്നും യുവതി പരാതിയില്‍ പറഞ്ഞു. പീഡനത്തിന് പുറമെ തന്റെ സ്വകാര്യ ദൃശ്യങ്ങൾ മനു പകർത്തിയെന്നും യുവതി പരാതിയിൽ പറഞ്ഞു. 

സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ മനു ഒളിവില്‍ പോയി. തുടര്‍ന്ന് മനുവിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മനുവെത്തി. എന്നാല്‍ ജാമ്യാപേക്ഷ റദ്ദാക്കിയ സുപ്രീംകോടതി മനുവിനോട് പത്തുദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് മനു സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ജോലി രാജിവച്ച് പൊലീസില്‍ കീഴടങ്ങിയത്.

മാര്‍ച്ച് അവസാനം പ്രമേഹ രോഗം വർധിച്ചതിനാൽ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും, ശസ്ത്രക്രിയ കഴിഞ്ഞ ഇടത് കാലിൽ സ്റ്റീൽ ഇട്ട സ്ഥലത്ത് പഴുപ്പ് ഉണ്ടെന്നും ചൂണ്ടികാട്ടിയാണ് മനു വീണ്ടും ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കഴിയുംവരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്. പാസ്പോര്‍ട്ട് ഹാജരാക്കണം, എല്ലാ മാസവും അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെ ഹൈക്കോടതി മനുവിന് ജാമ്യം അനുവദിക്കുകയായിരുന്നു.

ENGLISH SUMMARY:

P.G. Manu, a former Government Pleader and accused in a rape case involving a young woman who had approached him for legal assistance, was found dead. His body was discovered at a rented house in Kollam where he had been staying in connection with the case proceedings.