എന്‍.പ്രശാന്ത്, എ.ജയതിലക്
ഒരിടക്കാലത്തിനു ശേഷമാണ് ഐ.എ.എസ് തലപ്പത്തെ ചേരിപ്പോര് ഇത്രയും രൂക്ഷമാകുന്നത്. സര്‍ക്കാരിന്‍റെ നയപരിപാടികള്‍ ജനങ്ങളിലേക്കെത്തിക്കേണ്ടവരാണ് തമ്മില്‍ തല്ലുന്നതെന്നോര്‍ക്കണം. ചീഫ് സെക്രട്ടറിയും, ഇനി ചീഫ് സെക്രട്ടറിയാകാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നയാളുമായ എ.ജയതിലകും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും ഒരു വശത്ത്. എന്‍.പ്രശാന്ത്, ബി.അശോക് എന്നിവരുള്‍പ്പെടെയുള്ളവര്‍ മറുവശത്ത്. നിയന്ത്രിക്കാനാകാത്ത വിധം കൈവിട്ടു പോയിരിക്കുകയാണ് കാര്യങ്ങള്‍. ആരെ കൊള്ളണം ആരെ തള്ളണം എന്നറിയാത്ത അവസ്ഥ.
എന്‍.പ്രശാന്ത്
ഇതിനു മുമ്പ് പരസ്യപ്പോരിലേക്ക് നീങ്ങിയത് രാജു നാരായണ സ്വാമി– ബിജു പ്രഭാകര്‍ തര്‍ക്കമായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം പരസ്പരം എടോ– പോടോ വിളിക്ക് സമാനമായിരുന്നു. പിന്നീട് ഇരുവരും സസ്പെന്‍ഷനിലേക്ക്. അതിനുശേഷമാണ് ഇത്തരമൊരു പരസ്യപ്പോരിലേക്കും തര്‍ക്കം എത്തിയത്.
നിലവില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ കെ.ഗോപാലകൃഷ്ണനും എന്‍.പ്രശാന്തും തമ്മിലുള്ള തര്‍ക്കമാണ് അസാധാരണ സാഹചര്യത്തിലേക്ക് എത്തിയത്. മതാടിസ്ഥാനത്തിലുള്ള വാട്സാപ് ഉണ്ടാക്കി എന്ന കേട്ടുകേള്‍വിയില്ലാത്ത കുറ്റത്തിനു സസ്പെന്‍ഷന്‍ നടപടി നേരിട്ട കെ.ഗോപാലകൃഷ്ണന്‍ പിന്നിട് കുറ്റങ്ങളെല്ലാം കഴുകികളഞ്ഞ് സര്‍വീസില്‍ തിരിച്ചെത്തി. എന്നാല്‍ ഒപ്പം സസ്പെന്‍ഷന്‍ നടപടി നേരിട്ട എന്‍.പ്രശാന്ത് ഇപ്പോഴും പുറത്തു നില്‍ക്കുന്നു. ഇതോടെ പ്രശാന്ത് ചീഫ് സെക്രട്ടറിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനും എതിരെ രണ്ടും കല്‍പ്പിച്ചുള്ള പോരിനിറങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് സസ്പെന്‍ഷന്‍ നടപടി നേരിട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും എതിരെ വക്കീല്‍ നോട്ടിസ് അയയ്ക്കുന്നതു വരെ കാര്യങ്ങളെത്തുന്നത്.
കെ.ഗോപാലകൃഷ്ണന്‍
സര്‍ക്കാരിന് മുന്നില്‍ പരിഹാരമെന്ത്?
സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ അധിക ജോലി ഭാരമാണ്. 19 പ്രധാന തസ്തികകളില്‍ അധിക ചുമതലക്കാരാണ്. ഇതില്‍ 6 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് അഞ്ചും, ആറും വകുപ്പുകളുടെ ചുമതലയുണ്ട്. ആകെയുള്ള 231 ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ 86 എണ്ണം ഒഴിഞ്ഞു കിടക്കുന്നു. അതുകൊണ്ടു തന്നെ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന കാലത്ത് ഉദ്യോഗസ്ഥരെ ആരെയും പിണക്കാന്‍ സര്‍ക്കാരിനു കഴിയില്ല. സുപ്രധാന നയതീരുമാനങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പ് വര്‍ഷമാണ് വരുന്നത്. താന്‍ പറയുന്നതു പോലും നടപ്പാകുന്നില്ലെന്ന് മുഖ്യമന്ത്രി തന്നെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞത് ഓര്‍ക്കുക. ജൂനിയര്‍ മന്ത്രിമാര്‍ പറയുന്നതൊന്നും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കേള്‍ക്കുന്നില്ലെന്നത് പല മന്ത്രിമാരും സ്ഥിരമായി പരാതി പറയാറുള്ളതാണ്.
‘മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ പിണക്കിയാല്‍ സുപ്രധാന ചുമതലകള്‍ ലഭിക്കില്ല’
തലപ്പത്തെ പ്രമാണിമാരായ ഐ.എ.എസുകാരെ പിണക്കിയാല്‍ പിന്നീട് സുപ്രധാന ചുമതലകളിലേക്ക് പരിഗണിക്കില്ലെന്ന് ജൂനിയര്‍ ഐഎഎസുകാര്‍ പറയുന്നു. പ്രമാണിമാരായ ഐ.എസുകാരെ ‘ഫോര്‍മെന്‍ ആര്‍മി’ എന്നാണ് ജൂനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വിളിക്കുന്നത്. ഇവര്‍ക്കൊപ്പം നില്‍ക്കുന്ന ചില ജൂനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ രണ്ടും മൂന്നും സുപ്രധാന പദവികളില്‍ നില്‍ക്കുന്നത് ഉദാഹരണമായും ചൂണ്ടിക്കാട്ടുന്നു.
എന്‍.പ്രശാന്ത്, ശാരദ മുരളീധരന്‍
ഇനി ശ്രദ്ധാകേന്ദ്രം ഹിയറിങ്ങും പുതിയ ചീഫ് സെക്രട്ടറിയും
ഏപ്രില്‍ 16 നു നടക്കുന്ന ചീഫ് സെക്രട്ടറി നടത്തുന്ന എന്‍.പ്രശാന്തിന്‍റെ ഹിയറിങ്ങാണ് ശ്രദ്ധാ കേന്ദ്രം. പ്രശാന്ത് ഉന്നയിച്ച ലൈവ് സ്ട്രീമിങ്ങും റെക്കോഡിങ്ങും നടക്കില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. പുതിയ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് എ.ജയതിലകോ, മനോജ് ജോഷിയോ എന്നുള്ളതും ഏവരും ഉറ്റു നോക്കുന്നു. എ.ജയതിലക് ഇപ്പോഴുള്ള വിവാദങ്ങളുടെ ഒരു ഭാഗത്തുണ്ട്. മനോജ് ജോഷി മുഖ്യമന്ത്രിയെ കണ്ടത് ചീഫ് സെക്രട്ടറിയായി മടങ്ങി വരുന്നതിനാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.