പലവിധത്തില്‍ പ്രതിഷേധിച്ചിട്ടും കണ്ണുതുറക്കാത്ത സര്‍ക്കാരിന് മുന്നില്‍ മുഖത്ത് ഛായം അണിഞ്ഞ് സ്വയം കോമാളി വേഷം കെട്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്ത് വനിതാ പൊലീസ് ഉദ്യോഗാര്‍ഥികള്‍. പഠനകാലം മുതല്‍ സമരപന്തല്‍ വരെയുള്ള അവരുടെ ജീവിതമാണ് സര്‍ക്കാരിന് മുന്നില്‍ അഭിനയിച്ച് കാണിച്ചത്. ഇനി ആറ് ദിവസം മാത്രമാണ് റാങ്ക് പട്ടികയുടെ കാലാവധി തീരാനുള്ളത്.
കുഞ്ഞിനെ വയറ്റില്‍ ചുമന്നുകൊണ്ട് പഠിച്ച യുവതികള്‍, കുഞ്ഞിനെ ഒക്കത്തിരുത്തി പഠിച്ച് പരീക്ഷയെഴുതിയ അമ്മമാര്‍– റാങ്ക് പട്ടികയിലേക്ക് ഇവര്‍ കടന്ന് വന്ന വഴികള്‍ സര്‍ക്കാരിനെ കാണിക്കുകയാണ്. കാക്കി യൂണിഫോം സ്വപ്നം കണ്ട് കാത്തിരുന്ന അവരുടെ മുന്നിലേക്ക് നോ വേക്കന്‍സി എന്ന ഒറ്റ വാക്കുകൊണ്ട് സര്‍ക്കാര്‍ എല്ലാവാതിലും കൊട്ടിയടച്ചു. ഈ പെണ്‍കുട്ടികള്‍ വെറും കോമാളികളായി.
മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയുമൊക്കെ നടത്തിയ സഹനസമരം 12 ദിവസം പിന്നിട്ടു. ഇനി ആറ് ദിവസം, 19 നുള്ളില്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തില്ലങ്കില്‍ ഇവരുടെ സ്വപ്നം എന്നെന്നേക്കുമായി പൊലിയും. ഇന്ന് ഓശാന, നാളെ വിഷു–നാട് ആഘോഷത്തിലേക്ക് പോകുമ്പോള്‍ തെരുവില്‍ കിടക്കുന്ന ഇവരുടെ മനസില്‍ കണ്ണീര്‍ പൊടിയുന്നുണ്ട്. നാളെ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തിയാല്‍ കണികാണാനുള്ളത് ഈ പെണ്‍കുട്ടികളുടെ കണ്ണീരാവും.