മലക്കപ്പാറ വനത്തിനുള്ളില്‍ കാട്ടുതേന്‍ ശേഖരിക്കാന്‍ പോയ യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. അടിച്ചില്‍തൊട്ടി ഊരിലെ സെബാസ്റ്റ്യന്‍ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപെട്ടു. ആന തുമ്പിക്കൈകൊണ്ട് സെബാസ്റ്റ്യനെ അടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.
ഇന്നലെ വൈകുന്നേരത്തോടെയാണ് അടിച്ചില്‍ത്തൊട്ടിയില്‍ നിന്നും സെബാസ്റ്റ്യന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ വനത്തിനുള്ളിലേക്ക് പോയത്. വനത്തിനുള്ളില്‍ വച്ച് ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. സെബാസ്റ്റ്യന് ഓടി മാറാന്‍ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്നവര്‍ പുറത്തെത്തി വിവരം പറഞ്ഞതോടെയാണ് രക്ഷാപ്രവര്‍ത്തകരെത്തി മൃതദേഹം പുറത്തെടുത്തതും ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.