teacher-exam

വലത് (AI generated Image)

എം.ബി.എ ഉത്തരകടലാസ് കാണാതായതിന് പിന്നാലെ എല്‍.എല്‍.ബി പരീക്ഷയിലും പുലിവാല്‍പിടിച്ച് കേരള സര്‍വകലാശാല. മൂല്യനിര്‍ണയം നടത്തിയതിന് പണം നല്‍കിയാലെ ഉത്തരകടലാസ് തിരികെ നല്‍കൂ എന്ന് തമിഴ്നാട്ടിലെ ഒരു അധ്യാപിക സര്‍വകലാശാലയെ അറിയിച്ചിരിക്കുകയാണ്. ഇതോടെ പുനര്‍മൂല്യനിര്‍ണയം മുടങ്ങി. നാണക്കേടായതിനാല്‍ ഇത്രയും നാള്‍ ഈ കഥ സര്‍വകലാശാല മുക്കിയിരിക്കുകയായിരുന്നു. 

എല്‍എല്‍.ബി കോഴ്സിലെ  രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ഒന്നാം മൂല്യനിര്‍ണയം നടത്തിയത് തമിഴ്നാട്ടിലെ ഒരു അധ്യാപികയാണ്.  ഫലം വന്നപ്പോള്‍ ചില വിദ്യാര്‍ഥികള്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചു. ഉത്തരകടലാസുകള്‍ എവിടെ എന്ന് സര്‍വകലാശാല അപ്പോഴാണ് ആലോചിക്കുന്നത്.  ആദ്യമൂല്യനിര്‍ണയം നടത്തിയ അധ്യാപികയുടെ പക്കലാണ് അവയെന്ന് കണ്ടെത്തി.‌  ഉത്തരകടലാസുകള്‍ സര്‍വകലാശാല തിരിച്ചു ചോദിച്ചു. അപ്പോഴാണ് കഥയുടെ ട്വിസ്റ്റ് വരുന്നത്. 

മൂല്യനിര്‍ണയം നടത്തിയതിനുള്ള  പ്രതിഫലം നല്‍കൂ, എന്നാലെ ഉത്തരകടലാസ് മടക്കി തരൂ എന്ന് അധ്യാപിക പറഞ്ഞു. സര്‍വകലാശാല കുടുങ്ങി. മാസം ഒന്‍പതായിട്ടും സര്‍വകലാശാല പണവും നല്‍കിയില്ല, അധ്യാപിക ഉത്തരകടലാസുകള്‍ മടക്കി നല്‍കിയുമില്ല. പുനര്‍മൂല്യനിര്‍ണയത്തിന് ആയിരം രൂപവീതം ഫീസടച്ച വിദ്യാര്‍ഥികള്‍ അക്ഷരാര്‍ഥത്തില്‍  പെരുവഴിയിലായി. ഒരു ഇടക്കാല ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയത്തിന് പണം നല്‍കാത്തത് എന്നൊക്കെയാണ് സര്‍വകലാശാല അധികൃതര്‍ ഇപ്പോള്‍പറയുന്നത്. എന്തായാലും എം.ബി.എ ഉത്തരകടലാസ് കാണാനില്ല. എല്‍.എല്‍.ബി ഉത്തരകടലാസ് തിരികെ കിട്ടുന്നില്ല, അടുത്തത് എന്താവും എന്ന ചോദ്യമാണ് ഉയരുന്നത്. 

ENGLISH SUMMARY:

After the MBA answer sheets went missing, Kerala University has now landed in another controversy over the LLB examination. A teacher from Tamil Nadu, who evaluated the papers, has reportedly informed the university that she will return the answer sheets only if she is paid for the evaluation. As a result, the revaluation process has come to a halt. Embarrassed by the situation, the university had kept this issue under wraps until now.