bedakam-attack-lady

കാസർകോട് ബേഡകത്ത് തമിഴ്നാട് സ്വദേശി കടയ്ക്കുള്ളിലിട്ട് തീകൊളുത്തിയ യുവതി മരിച്ചു. ബേഡകം മണ്ണടുക്കം സ്വദേശി രമിതയാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം. ഏപ്രില്‍ എട്ടിനാണ് തമിഴ്നാട് സ്വദേശി രാമാമൃതം രമിതയെ തീ കൊളുത്തിയത്. 

രമിതയുടെ പലചരക്ക് കടയ്ക്ക് സമീപം ഫർണിച്ചർ കട നടത്തിവരികയായിരുന്നു രാമാമൃതം.  ഇയാൾ മദ്യപിച്ച് ശല്യം ചെയ്യുന്നതിനെതിരെ രമിത പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ പൊലീസ് സ്ഥലത്തെത്തുകയും രാമാമൃതത്തോട് കടയൊഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യത്തില്‍ രമിതയുടെ മേല്‍ ടിന്നര്‍ ഒഴിച്ച് രാമാമൃതം തീകൊളുത്തുകയായിരുന്നു. 

സംഭവത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച രാമാമൃതത്തെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ശരീരത്തില്‍ അന്‍പത് ശതമാനത്തോളം പൊള്ളലേറ്റ രമിതയെ ആദ്യം കാ‍ഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി മംഗളൂരുവിലേക്കും മാറ്റുകയായിരുന്നു. 

ENGLISH SUMMARY:

Ramitha from Bedakam, Kasaragod, succumbed to burn injuries after being set ablaze by Ramamritham, a Tamil Nadu native. The attack followed a police complaint over harassment.