വഖഫ് നിയമഭേദഗതി മുനമ്പത്തുകാരെ എങ്ങിനെ തുണയ്ക്കുമെന്നതിന് കൃത്യമായ ഉത്തരം നല്‍കാതെ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു. മുനമ്പം ഭൂമി തര്‍ക്കത്തില്‍ പുതിയ നിയമം ബാധകമാകുമെന്ന് വ്യക്തമാക്കിയ റിജിജു പക്ഷെ, മുനമ്പത്തുകാര്‍ നിയമപ്പോരാട്ടം തുടരേണ്ടിവരുമെന്ന സൂചനയും നല്‍കി. ചര്‍ച്ച് ആക്ട് നടപ്പാക്കുന്നത് പരിഗണനയിലില്ലെന്നും ന്യൂനപക്ഷകാര്യമന്ത്രി അറിയിച്ചു.
കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ നിയമനിര്‍മാണം നടത്തുന്നത് പരിമതിയുണ്ടെന്ന് കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ട കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. വഖഫ് ബോര്‍ഡിന്‍റെ ഘടനമാറ്റിയത് അടക്കം പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ മുനമ്പത്തുകാരെ തുണയ്ക്കും. കേസ് തീര്‍പ്പാകാത്തതിനാല്‍ പുതിയ നിയമം ബാധകമാകുമെന്നും റിജിജു വിശദീകരിക്കുന്നു. വാക്കാല്‍ പ്രഖ്യാപിച്ചാല്‍ വഖഫ് ഭൂമിയാകില്ല. രേഖ വേണം. മുനമ്പത്തെ ഭൂമിയുടെ കൈമാറ്റം നടന്നതിനാല്‍ വഖഫിന് എതിരാണ്.
പുതിയ നിയമം ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ മുനമ്പത്തെ ഭൂമിയുടെ രേഖകള്‍ പുനപരിശോധിക്കാന്‍ കലക്ടര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് റിജിജു ആവശ്യപ്പെട്ടു. വഖഫ് ബോര്‍ഡില്‍ മുസ്‍ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയത് മറ്റു സമുദായങ്ങള്‍ക്കും വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പരാതികളുള്ളതിനാലാണ്. മേല്‍നോട്ട അധികാരം കലക്ടര്‍ക്ക് നല്‍കിയത് നിഷ്പക്ഷത ഉറപ്പാക്കാനാണെന്നും റിജിജു വിശദീകരിച്ചു.