muvattupuzha-traffic-diversion-road-work-update

ഏപ്രിൽ 15 മുതൽ മുവാറ്റുപുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ മാറ്റം. 

പ്രധാന റോഡുകളിൽ വൺവേ

നഗരത്തിലെ നാല് പ്രധാന റോഡുകളിൽ ഗതാഗതം വൺവേ ആയി ക്രമീകരിക്കും:

  • വെള്ളൂർക്കുന്നം മുതൽ പിഒ ജംഗ്ഷൻ വരെ ഒരു ദിശയിൽ മാത്രം പ്രവേശനം.
  • ഇഇസി മാർക്കറ്റ് റോഡ്
  • കാവുംപടി റോഡ്
  • റോട്ടറി റോഡ്

റോഡ് നിർമ്മാണം പൂർത്തിയാകുന്നത് വരെ ഈ ക്രമീകരണം തുടരും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും 20 ഹോം ഗാർഡുകളെയും ട്രാഫിക് പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. ബസുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്.

വഴിയോര കച്ചവടം ഒഴിവാക്കണം

റോഡ് നിർമ്മാണം പൂർത്തിയാകുന്നതുവരെ നഗരത്തിലെ വഴിയരികിലുള്ള ഉന്തുവണ്ടികൾ, പെട്ടിക്കടകൾ, വഴിയോര കച്ചവടങ്ങൾ എന്നിവ ഒഴിവാക്കണം.

ലോറികൾക്ക് നിയന്ത്രണം

തടി ലോറികൾക്ക് രാത്രി 8 മണി വരെ നഗരത്തിൽ പ്രവേശനമില്ല. ദീർഘദൂര വാഹനങ്ങൾ, ചരക്ക് ലോറികൾ, ടോറസ്, കണ്ടെയ്‌നർ വാഹനങ്ങൾ എന്നിവ നഗരത്തിൽ പ്രവേശിക്കാതെ വഴി തിരിച്ചുവിടും.

ഗതാഗത പരിഷ്കരണം - നിങ്ങളുടെ റൂട്ട് എങ്ങനെ മാറ്റാം?

  • കൂത്താട്ടുകുളം ഭാഗത്ത് നിന്ന്:

എറണാകുളം, പെരുമ്പാവൂർ, ആലുവ, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എം.സി. റോഡിൽ ഈസ്റ്റ് മാറാടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കായനാട്, ഊരമന വഴി പെരുവംമൂഴിയിൽ എത്തി ദേശീയ പാതയിലൂടെ പോകുക.

  • തൊടുപുഴ ഭാഗത്ത് നിന്ന്:

എറണാകുളം, തൃശൂർ, കോതമംഗലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നിർമല ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ആരക്കുഴ നാസ് റോഡ് വഴി എം.സി. റോഡിൽ പ്രവേശിച്ച് പി.ഒ. ജങ്ഷൻ, കച്ചേരിത്താഴം വഴി പോകുക.

  • കോതമംഗലം, കാളിയാർ ഭാഗത്ത് നിന്ന്:

വലിയ വാഹനങ്ങൾ ബിസ്മി ജങ്ഷനിൽ ചാലിക്കടവ് പാലം കടന്ന് കിഴക്കേകര ജങ്ഷനിൽ എത്തി കോട്ട റോഡ് വഴി പോകുക.

സ്വകാര്യ ബസുകൾ ഈസ്റ്റ് ഹൈസ്കൂൾ ജംഗ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് അടൂപറമ്പിൽ എത്തുക.

  • എറണാകുളം ഭാഗത്ത് നിന്ന്:

തൊടുപുഴ, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ദേശീയപാതയിൽ പെരുവംമുഴിയിൽ നിന്ന് തിരിഞ്ഞ് ഊരമന, കായനാട് വഴി എം.സി. റോഡിൽ മാറാടിയിൽ എത്തി യാത്ര തുടരുക.

  • പെരുമ്പാവൂർ ഭാഗത്ത് നിന്ന്:

കോതമംഗലം, കാളിയാർ, തൊടുപുഴ, ആരക്കുഴ, കൂത്താട്ടുകുളം ഭാഗങ്ങളിലേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ എം.സി. റോഡ് വാഴപ്പിള്ളി ലിസ്യു റോഡ് വഴി ഇ.ഇ.സി. മാർക്കറ്റ് റോഡിൽ എത്തുക.

ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വെള്ളൂർക്കുന്നതിൽ നിന്ന് ഇ.ഇ.സി. മാർക്കറ്റ് റോഡ് വഴി തിരിഞ്ഞ് പോകുക.

ENGLISH SUMMARY:

Traffic restrictions have been implemented in Muvattupuzha town from April 15 due to ongoing road development works. Four key roads have been converted to one-way traffic to ease congestion. All vehicles, including buses, must follow these changes. Street vendors and roadside shops must vacate temporarily. Heavy vehicles such as timber lorries are restricted from entering the town until 8 PM. Alternative routes have been advised for vehicles from Koothattukulam, Thodupuzha, Kothamangalam, Ernakulam, and Perumbavoor. Additional traffic police and home guards have been deployed for smooth movement.