സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് മല്‍സരം മുറുകുന്നു. മേധാവിയാകാന്‍ തയാറാണെന്ന് പ്രാഥമിക പട്ടകിയിലുള്ള ആറ് പേരും സര്‍ക്കാരിനെ അറിയിച്ചു. അതിനിടെ മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം ലഭിക്കുന്ന ഒഴിവില്‍ എം.ആര്‍.അജിത്കുമാറിനെ വീണ്ടും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാക്കാന്‍ നീക്കം തുടങ്ങി.
കേരള പൊലീസിന്‍റെ തലപ്പത്ത് വന്‍മാറ്റങ്ങളുടേതാണ് ഇനിയുള്ള രണ്ട് മാസം. ജൂണ്‍ 30ന് പൊലീസ് മേധാവി ദര്‍വേഷ് സാഹിബ് വിരമിക്കും. ഈ 30ന് മനോജ് എബ്രഹാമിന് ഡി.ജി.പി റാങ്ക് ലഭിക്കും. ഇതോടെ ആദ്യം പുതിയ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയേയും പിന്നാലെ പുതിയ പൊലീസ് മേധാവിയേയും കണ്ടെത്തണം. അടുത്ത മേധാവിയെ കണ്ടെത്താന്‍ സീനിയോരിറ്റിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനം തയാറാക്കിയ പട്ടികയില്‍ ആറ് പേരായിരുന്നു. നിതിന്‍ അഗര്‍വാള്‍, രവാഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് പുരോഹിത്, എം.ആര്‍.അജിത്കുമാര്‍. നടപടിക്രമങ്ങളുടെ ഭാഗമായി ഇവരുടെ സമ്മതം അന്വേഷിച്ചപ്പോള്‍ ആറ് പേരും തയാറാണ്. ആറ് പേരെയും ഉള്‍പ്പെടുത്തി പ്രാഥമിക പട്ടിക ഡി.ജി.പി സര്‍ക്കാരിന് കൈമാറി. മെയ് ആദ്യത്തോടെ ഈ പട്ടിക കേന്ദ്രത്തിന് കൈമാറും. ഇതില്‍ നിന്ന് മൂന്ന് പേരെ ഉള്‍പ്പെടുത്തി യു.പി.എസ്.സി അന്തിമപട്ടിക തിരിച്ച് നല്‍കും. അട്ടിമറികളുണ്ടായില്ലങ്കില്‍ നിതിന്‍ അഗര്‍വാള്‍, രവാഡ, യോഗേഷ് ഗുപ്ത എന്നിവരായിരിക്കും അന്തിമപട്ടികയില്‍.
അങ്ങിനെ വന്നാല്‍ പൊലീസ് മേധാവിയാകാനുള്ള അജിത്കുമാറിന്‍റെ സാധ്യത എന്നെന്നേക്കുമായി ഇല്ലാതാകും. അതിന് മുന്‍പ് അജിത്കുമാറിനെ ക്രമസമാധാന ചുമതലയിലേക്ക് മടങ്ങിവരുമോയെന്നാണ് പൊലീസില്‍ ഉയരുന്ന അടുത്ത ചോദ്യം. ഈ 30ന് കെ.പത്മകുമാര്‍ വിരമിക്കുന്ന ഒഴിവില്‍ മനോജ് എബ്രഹാമിന് ഡി.ജി.പി റാങ്ക് ലഭിക്കുന്നതോടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി കസേരയില്‍ നിന്ന് അദേഹം മാറും. ആ ഒഴിവില്‍ അജിത്കുമാറിനെ തിരികെകൊണ്ടുവരാനാണ് ചില ചരടുവലികള്‍. എന്നാല്‍ ജൂലൈ 1ന് അദേഹത്തിനും ഡി.ജി.പി റാങ്ക് ലഭിക്കുന്നതിനാല്‍ രണ്ട് മാസമേ എ.ഡി.ജി.പി കസേരയില്‍ ഇരിക്കാനാവു. അതിനാല്‍ എച്ച്. വെങ്കിടേഷ്, എസ്.ശ്രീജിത്, ബല്‍റാംകുമാര്‍ ഉപാധ്യായ എന്നിവരും പരിഗണനയിലുണ്ട്.