മുനമ്പം ഭൂപ്രശ്നത്തിന് പരിഹാരം നിര്‍ദേശിക്കാന്‍ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു ചോദിച്ച മൂന്നാഴ്ച്ചത്തെ സമയപരിധിക്കുശേഷം, അനുകൂല നീക്കമുണ്ടായില്ലെങ്കില്‍ വന്‍പ്രക്ഷോഭത്തിലേയ്ക്ക് കടക്കുമെന്ന് സമരസമിതി. കിരണ്‍ റിജിജു സമരപന്തലില്‍ വന്‍ പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. സമര സമിതിയില്‍ ഭിന്നതയില്ലെന്നും രക്ഷാധികാരി ഫാദര്‍ ആന്‍റണി സേവ്യര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രശ്നപരിഹാരത്തിനായി യുഡിഎഫും എല്‍ഡിഎഫും ഒന്നും ചെയ്തില്ലെന്നും സമര സമിതി രക്ഷാധികാരി വ്യക്തമാക്കി.
അതേസമയം മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ച അമിത് ഷായും രാജീവ് ചന്ദ്രശേഖറും മാപ്പുപറയണമെന്ന് കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മനോരമ ന്യൂസിനോട് പറഞ്ഞു. ക്രൈസ്തവ സമൂഹത്തോടും മാപ്പ് പറയണം. കിരൺ റിജിജുവിനെതിരെ അവകാശലംഘനത്തിന് നടപടിയെടുക്കണം. ക്രിസ്ത്യൻ മുസ്‍ലിം സംഘർഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു മോദി സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാന സർക്കാർ പ്രശ്നപരിഹാരത്തിന് ഉടൻ നടപടിയെടുക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
അതിനിടെ വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുനമ്പത്തെ ഭൂപ്രശ്നത്തിന് പരിഹാരമുണ്ടാകുമോ എന്ന ചോദ്യത്തിന് മോദിയുടെ ഗ്യാരണ്ടി എന്നതു മാത്രമാണ് തല്‍ക്കാലം കേന്ദ്രസര്‍ക്കാരിന്‍റെ മറുപടി. വഖഫ് നിയമഭേദഗതി തുണയ്ക്കുമോ എന്നതില്‍ ഉത്തരമില്ലാതെ വലയുകയാണ് സമരസമിതിയും. അതേസമയം നിയമഭേദഗതിക്കെതിരായ മുസ്ലിം ലീഗ് മഹാറാലി ഇന്ന് കോഴിക്കോട് ബീച്ചില്‍ നടക്കും.