വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ പ്രതീക്ഷകൾ അസ്തമിക്കുന്നു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലും പുതിയ നിയമനം സംബന്ധിച്ച് തീരുമാനമായില്ല. റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഇനി രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രമാണ് ഉള്ളത്.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയമനം സംബന്ധിച്ച് തീരുമാനത്തിൽ എത്തുമെന്ന് തന്നെയായിരുന്നു ഉദ്യോഗാർഥികളുടെ പ്രതീക്ഷ. എന്നാൽ 15ാം നാൾ നിരാഹര സമരമിരിക്കുമ്പോഴും സർക്കാർ കണ്ണ് തുറന്നില്ല. പരിഗണിക്കാത്തത്തിൽ വിഷമം ഉണ്ടെങ്കിലും അവസാനം വരെ പോരാടാൻ തന്നെയാണ് ഉദ്യോഗാർഥികളുടെ തീരുമാനം.
കഴിഞ്ഞ ആഴ്ച സേനയിൽ രൂപീകരിച്ച പോക്സോ വിങ്ങിലേക്ക് സമരം ചെയ്യുന്ന ഉദ്യോഗാർഥികളിൽ നിന്ന് രണ്ട് പേർക്ക് നിയമനം ലഭിച്ചിരുന്നു.എന്നാൽ 570ലധികം ഒഴിവുകൾ ഉള്ള പശ്ചാത്തലത്തിൽ, ബാക്കി ഉള്ളവരെ കൂടി പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഒ സമരക്കാർ. ക്യാബിനറ്റിൽ ചർച്ചയായില്ലെങ്കിലും മനസ് വച്ചാൽ മുഖ്യമന്ത്രിക്ക് ഒരു മണിക്കൂറിൽ സാധ്യമാകുമെന്ന പ്രതീക്ഷയാണ് സമരക്കാർ പങ്കുവക്കുന്നത്.