ഉറ്റവരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി ഏറ്റുമാനൂർ നീറിക്കാട് ആത്മഹത്യ ചെയ്ത ഹൈക്കോടതി അഭിഭാഷകയുടെയും മക്കളുടെയും മടക്കം. ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ മുത്തോലി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ മൃതദേഹങ്ങൾ സംസ്കരിച്ചു. നീറിക്കാട് ലൂർദ് മാതാ പള്ളി ഓഡിറ്റോറിയത്തിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹങ്ങൾ മുത്തോലിയിലെ ജിസ്മോളുടെ വീട്ടിലേക്ക് മാറ്റിയത്.
ഇനി ജിസ്മോൾക്കും മക്കളായ അഞ്ചുവയസ്സുകാരി നേഹയ്ക്കും ഒരു വയസ്സുകാരി നോറക്കും ദുഃഖങ്ങളില്ല വേദനകളില്ല.. വേദനകൾ ഇല്ലാത്ത ലോകത്തേക്കുള്ള യാത്രയ്ക്ക് ഒരുങ്ങി രാവിലെ 9:30 യോടെ മൃതദേഹങ്ങൾ നീറിക്കാട് ലൂർദ് മാതാ പള്ളി ഓഡിറ്റോറിയത്തിൽ എത്തിച്ചു.ഭർത്താവിന്‍റെ വീട്ടിൽ കടുത്ത മാനസിക പീഡനമേറ്റ ജിസ്മോളുടെ മൃതദേഹം ഭർതൃ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനെ ജിസ്‌മോളുടെ കുടുംബം എതിർത്തിരുന്നു.
ഭർത്താവ് ജിമ്മിയുടെ ഇടവക പള്ളി ഓഡിറ്റോറിയത്തിലെ ഒരു മണിക്കൂർ നേരത്തെ പ്രാർത്ഥനകളും അന്ത്യോപചാരങ്ങളും പൂർത്തിയാക്കി മൃതദേഹങ്ങൾ മുത്തോലിയിലെ ജിസ് മോളുടെ വീട്ടിലേക്ക് കൊണ്ടുപോയി.
മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജിസ്മോളുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്ത്രീധനത്തിന്റെയും നിറത്തിന്റെയും പേരിൽ കടുത്ത വിവേചനവും മർദ്ദനവും ജിസ്‌മോൾ നേരിട്ടിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം. ഹൈക്കോടതി അഭിഭാഷകയായ ജിസ്മോൾ രണ്ട് പെൺമക്കളെയും കൂട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണമിതാണെന്ന് കുടുംബം ആരോപിക്കുന്നു.പിതാവിന്റെയും സഹോദരന്റെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി. മൊഴികൾ വിശദമായി പരിശോധിച്ച ശേഷമാകും കേസിലെ തുടർനീക്കങ്ങൾ