ഈസ്റ്റർ ദിനത്തിൽ ഇനി ഒരു ഉയിർപ്പിന്റെ കഥയാണ്. ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെട്ട ക്രിസ്തു മൂന്നാം ദിനം ഉയിർത്ത് എഴുന്നേൽപ്പിക്കപ്പെട്ടെങ്കിൽ കോട്ടയം കടുത്തുരുത്തി സ്വദേശിയായ ജോമോന്റെ ഉയിർത്തെഴുന്നേൽപ്പിന് എട്ടുവർഷങ്ങൾ വേണ്ടിവന്നു. ആത്മഹത്യയുടെ വക്കിൽ നിന്നും ജീവിതത്തിലേക്ക് തിരികെ വന്ന ജോമോന്റെ 'സു'വിശേഷമാണ് ഇനി മനോരമ ന്യൂസ് പങ്കുവെക്കുന്നത്
ഭാര്യയും രണ്ട് മക്കളും പിന്നെ കുറുപ്പുന്തുറയിൽ സ്വന്തമായി നടത്തുന്ന പാരാമെഡിക്കൽ സ്കൂളും.. അതായിരുന്നു ആയാംകുടിക്കാരൻ ജോമോന്റെ ജീവിതം. എല്ലാം നന്നായി പോകുന്നതിനിടെ പാരാ മെഡിക്കൽ സ്കൂളിന്റെ ബിസിനസ് പങ്കാളിയുമായി ഉണ്ടായ തർക്കം. പണം നൽകി ജോമോന്റെ പാരാമെഡിക്കൽ സ്കൂളിലെ വിദ്യാർഥിനിയെ കൊണ്ട് ബിസിനസ് പങ്കാളി നൽകിയ ലൈംഗിക പീഡന പരാതി. പിന്നാലെ വീട്ടുമുറ്റത്ത് പൊലീസ് എത്തി. കോട്ടയം ജില്ലാ ജയിലിലെ റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ബിസിനസും ജീവിതവും ഒക്കെ കൈവിട്ടുപോയി
കോടതി വരാന്തകൾ തട്ടിയെടുത്ത എട്ടു വർഷങ്ങൾ.. ഇതിനിടെ പരാതിക്കാരിയായ എറണാകുളം സ്വദേശിനിയുടെ മനസ്സിലും മാറ്റങ്ങൾ ഉണ്ടായി. കുറ്റബോധം തളർത്തിയ വിദ്യാർത്ഥിനി ഒടുവിൽ കോടതിയിലും. ജോമോനെ തള്ളിപ്പറഞ്ഞ നാട്ടുകാരുടെ മുന്നിലും സ്വമേധയാ തെറ്റ് ഏറ്റുപറഞ്ഞു. അങ്ങനെ ജോമോൻ നിയമത്തിന്റെ മുന്നിൽ കുറ്റവിമുക്തനായി. ആയാംകുടിയിലെ പള്ളിക്കുള്ളിൽ വച്ച് ആ വിദ്യാർത്ഥിനിയോട് ക്ഷമിക്കാൻ ജോമോന്റെ ഉള്ളിലെ അപ്പനും അധ്യാപകനും ഒട്ടും വൈകിയില്ല