2017 ജൂണ്‍, വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ക്രൈസ്ത വിശ്വാസികള്‍ മാര്‍പാപ്പയെ കാണാന്‍ കാത്തുനില്‍ക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്‍ പ്രത്യേക വാഹനത്തില്‍ മാര്‍പാപ്പയെത്തി. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ കൈകളില്‍ ഉയര്‍ത്തിപിടിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ നേരിട്ടുള്ള അനുഗ്രഹം കിട്ടാനാണ് കുഞ്ഞുങ്ങളെ ഉയര്‍ത്തിപിടിച്ചിരിക്കുന്നത്.
മാര്‍പാപ്പ കുഞ്ഞിനെ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് പറഞ്ഞു. ആ കുഞ്ഞിനെ കൈകളില്‍ എടുക്കാന്‍. സുരക്ഷ ഉദ്യോഗസ്ഥര്‍ ആ കുഞ്ഞിനെ കൈകളില്‍ എടുത്തുയര്‍ത്തി മാര്‍പാപ്പയുടെ അടുത്തെത്തിച്ചു. ആ കുഞ്ഞിന് സ്നേഹത്തോടെ മാര്‍പാപ്പ മുത്തം നല്‍കി. കുഞ്ഞിന്‍റെ മാതാപിതാക്കളും കുടുംബാംഗങ്ങളും മനസ് നിറഞ്ഞ് സന്തോഷിച്ചു. ഇന്ന്, ഫ്രാന്‍സിസ് മാര്‍പാപ്പ വിടപറയുമ്പോള്‍ ആ കുഞ്ഞു മനസില്‍ വലിയ ദുഃഖമുണ്ട്. തൃശൂര്‍ സ്വദേശിയായ പത്തു വയസുകാരന്‍ ആന്‍റണി ടോണിയാണ് ആ കുഞ്ഞ്.
റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായ തൃശൂര്‍ സ്വദേശി കുഞ്ഞിവാറു ആന്‍റണിയും മക്കളും പേരക്കുട്ടിയുമായി വത്തിക്കാന്‍ കാണാന്‍ പോയതായിരുന്നു. വ്യാകുലമാതാവിന്‍ ബസിലിക്ക അംഗമാണ് കുഞ്ഞിവാറു. എന്നെങ്കിലും ഒരിക്കല്‍ മാര്‍പാപ്പയെ നേരില്‍കാണാന്‍ ആഗ്രഹിച്ചിരുന്നു. മാര്‍പാപ്പയെ നേരില്‍ക്കണ്ടതിന്‍റെ ആനന്ദത്തിനിടയിലാണ് പേരക്കുട്ടിയെ നേരിട്ട് പാപ്പ അനുഗ്രഹിച്ചത്. അന്ന് , രണ്ടു വയസായിരുന്നു ആന്‍റണിക്ക്. ഫ്രാന്‍സിസ് പാപ്പ മുത്തം നല്‍കിയപ്പോള്‍ കുഞ്ഞ് ആന്‍റണി തിരിച്ചും മാര്‍പാപ്പയ്ക്ക് മുത്തം നല്‍കിയിരുന്നു. ആ ചിത്രവും വീഡിയോയും അമൂല്യമായി സൂക്ഷിച്ചിരിക്കുകയാണ് കുടുംബം