സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സര്‍വകലാശാലകള്‍ സ്വന്തം ഫണ്ട് ചെലവഴിക്കേണ്ടതുണ്ടോ? വേണമെന്ന് സര്‍ക്കാരും വേണ്ടെന്ന് പ്രതിപക്ഷവും പറയുന്നു. തിരുവനന്തപുരത്ത് കേരള സര്‍വകലാശാലയും കോട്ടയത്ത് എം.ജി സര്‍വകലാശാലയും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് നിര്‍ദേശം.
സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേരള സര്‍വകലാശാല 1000 ചതുരശ്ര അടിയുള്ള സ്റ്റാള്‍ ഒരുക്കണം. സര്‍ക്കാര്‍ ഒരുക്കുന്ന പ്രദര്‍ശന നഗരിയിലാവും സര്‍വകലാശലയുടെയും സ്റ്റാളുകള്‍. നേട്ടങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ തയാറാക്കണം. കൂടാതെ സര്‍വകലാശാലയുടെ മികവ് ഉയര്‍ത്തിക്കാട്ടുന്ന അനുബന്ധപരിപാടികളും സംഘടിപ്പിക്കണം. മുഖ്യമന്ത്രി വിദ്യാര്‍ഥികളുമായി കോട്ടയം ജില്ലയില്‍ നടത്തുന്ന സംവാദത്തില്‍ 250 വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുകയും വേണം. ഇവയാണ് സര്‍ക്കാര്‍ നിര്‍ദേശം. സര്‍വകലാശാലയുടെ ദൈനം ദിന പ്രവര്‍ത്തനത്തിനുപോലും പണം തികയുന്നില്ലെന്ന പരാതിക്കിടെയാണ് ഈ അധിക ചെലവുകള്‍.
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മുന്‍ഗണനാ മേഖലയാണ് ഉന്നത വിദ്യാഭ്യാസം. അപ്പോള്‍ സര്‍ക്കിന്‍റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സര്‍വകലാശാലകള്‍പങ്കെടുക്കേണ്ടതല്ലെ എന്നാണ് അനുകൂലിക്കുന്നവരുടെ ചോദ്യം. സര്‍വകലാശാലകളുടെ ഓട്ടോണമിയില്‍ കൈകടത്തി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കാതെ ഓരോ സ്ഥപനവും അവരവരുടെ രീതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യട്ടെ എന്ന് തീരുമാനിക്കാമായിരുന്നു എന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.