kcm-new

യുഡിഎഫിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് കേരള കോൺഗ്രസ് എം മുഖപത്രം ‘നവപ്രതിച്ഛായ’. ക്ഷണം കേരള കോൺഗ്രസ് എമ്മിന്റെ രാഷ്ട്രീയ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമം മാത്രമാണ്. വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ മാറിയെന്നും ആത്മാഭിമാനമുള്ളവർ യുഡിഎഫിലേക്ക് തിരികെ പോകില്ലെന്നും നവപ്രതിച്ഛായ ലേഖനത്തിൽ പറയുന്നു.

സ്ഥലകാലവിഭ്രാന്തി പൂണ്ട് പരിഹാസ്യരായ  കൗരവസംഘത്തിന്റെ നവയുഗ പതിപ്പുകളായ കോൺഗ്രസിന്റെ മുന്നണിയിലേക്ക് ഇനി ഇല്ലെന്നാണ് വീക്ഷണത്തിനുള്ള നവപ്രതിച്ഛായയുടെ മറുപടി. ആത്മാഭിമാനം ഉള്ളവർ യുഡിഎഫ് മുന്നണിയിൽ എത്തുമോ എന്ന ചോദ്യം നേരിടാനുള്ള ഭയം കൊണ്ടാണ്  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിഷയം പരിഗണനയിൽ ഇല്ലെന്നും പറഞ്ഞതെന്നും കേരള കോൺഗ്രസ്. 

 

ജോസ് കെ മാണിയെ നിശിതമായി വിമർശിച്ചും കളിയാക്കിയും എഴുതിയ മുഖപ്രസംഗം മുന്നണിയിലേക്കുള്ള ക്ഷണമായി കേരള കോൺഗ്രസ് കണക്കാക്കുന്നില്ല. അധികാരങ്ങൾക്കും സ്ഥാനമാനങ്ങൾക്കുമായി കൂടെക്കൂടെ മുന്നണി മാറുന്നവരാണ് കേരള കോൺഗ്രസുകാർ എന്ന പൊതുബോധം ഉണ്ടാക്കാനുള്ള ശ്രമമായി മാത്രമാണ് വിലയിരുത്തൽ.. 

വന്നാൽ വരട്ടെ എന്നല്ലാതെ കേരള കോൺഗ്രസിന്റെ വരവിനായി ശാഠ്യം പിടിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെയും രഹസ്യ സംസാരം. കോട്ടയത്ത് ആര് ജയിക്കുമെന്നതും  ജോസ് കെ മാണിക്ക് രാജ്യസഭാ ടിക്കറ്റ് കിട്ടുമോ എന്നതും കേരള കോൺഗ്രസിന്റെ മുന്നണിയിലെ നിലപാടുകൾ കടുപ്പിക്കും. ഇക്കാര്യങ്ങളിൽ തിരിച്ചടി നേരിട്ടാലും തിടുക്കപ്പെട്ട് യുഡിഎഫിലേക്ക് പോയി പ്രതിച്ഛായ മോശമാക്കേണ്ടെണ് തീരുമാനം. ചുരുക്കത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ മുന്നേറ്റത്തിലെ നിർണായകചാലകശക്തി കേരള കോൺഗ്രസായിരുന്നു എന്ന ഓർമ്മപ്പെടുത്തൽ കോൺഗ്രസിന് വേണ്ടിയുള്ളത് മാത്രമല്ല മറിച്ച് ഇടതുപക്ഷത്തിനു കൂടിയുള്ള  മുന്നറിയിപ്പാണ്.