k-k-shailaja

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ അരലക്ഷം വോട്ടിന്‍റെ ലീഡുയര്‍ത്തിയതോടെ മാധ്യമങ്ങളോട് പ്രതികരിച്ച് എല്‍ഡിഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ. ആലത്തൂര്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ തരംഗമാണ് കാണുന്നതെന്നും അത് തുടരാനാണ് സാധ്യതയെന്നും കെ കെ ശൈലജ പറഞ്ഞു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പെതുവായി കാണുന്ന യുഡിഎഫ് ട്രെന്‍ഡ് തന്നെയാണ് വടകരയിലും കാണുന്നതെന്നായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.

'ഇന്ത്യാ മുന്നണി നല്ല രീതിയില്‍ മുന്നോട്ട് വന്നതായി കാണുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് ബദലായാണ് കോണ്‍ഗ്രസിനെ കാണുന്നത്. പാര്‍ലമെന്‍റ് തിരഞെടുപ്പില്‍ കാണാറുളളതും അതാണ്. ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതും അതേ ട്രെന്‍ഡ് തന്നെയാണ്'. വടകരയില്‍ ഉള്‍പ്പെടെ ഉണ്ടായ സൈബര്‍ കടന്നുകയറ്റം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും നവമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നത് ആളുകളുടെ മനസിലേക്ക് പോകുമെന്നും ശൈലജ പറഞ്ഞു. സത്യം സഞ്ചരിക്കാന്‍ തുടങ്ങുമ്പോഴേക്കും നുണ നൂറായിരം മൈല്‍സ് സഞ്ചരിച്ച് കഴിഞ്ഞിട്ടുണ്ടാകും. അതിനെ നമുക്ക് മറികടക്കാന്‍ കഴിയണമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

'അത്തരത്തില്‍ യഥാര്‍ത്ഥ രാഷ്ട്രീയ പ്രശ്നങ്ങള്‍ ആളുകളിലേക്ക് എത്തുന്നതിന് മുന്‍പേ മറ്റുരീതികളില്‍ പ്രചരിക്കുന്നു. വ്യാജപ്രചാരണങ്ങള്‍ക്ക് മറുപടി പറഞ്ഞ് വരുമ്പോഴേക്കും അത് എല്ലാവരുടെയും മനസില്‍ കയറിയിട്ടുണ്ടാകാം. വടകരയില്‍ മാത്രമായി നമുക്കിത് പറയാനല്ല. കേരളത്തില്‍ മുഴുവന്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ആണ് വോട്ടെണ്ണുമ്പോള്‍ കാണാന്‍ സാധിക്കുന്നത്. ജനങ്ങളുടെ മനോഭാവവും ഒരു ഘടകമാണ്. തിരഞ്ഞെടുപ്പ് വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്താലും നാട്ടുകാരെല്ലാം സമാധാനത്തോടെ ജീവിക്കണം. വടകരയില്‍ ഷാഫി മുന്നിട്ട് നില്‍ക്കുന്നതായാണ് കാണുന്നത്. അത് തുടരാനാണ് സാധ്യത. എന്നാല്‍ ഇനിയും കുറേ റൗണ്ട് വോട്ട് എണ്ണാനുണ്ട്. ഇതുവരെ കണ്ട ട്രെന്‍ഡ് തന്നെ തുടരാനുളള സാധ്യതയാണ് കാണുന്നതെന്നും' കെ കെ ശൈലജ പറ‍ഞ്ഞു. 

ENGLISH SUMMARY:

K K Shailaja talks about Lok Sabha Election and Vadakara Constituency