TOPICS COVERED

തിരുവനന്തപുരത്ത് മൂന്നു മണ്ഡലങ്ങളിൽ സംഘടനാ വീഴ്ചയുണ്ടായെന്ന് ശശി തരൂർ. നേമത്ത് ഇത്രയും തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നും പാർട്ടി വിശദമായി പരിശോധിക്കുമെന്നും തരൂർ മനോരമന്യൂസിനോട് പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബി.ജെപിക്കും വോട്ട് പർച്ചേസ് ചെയ്യാൻ ആളുണ്ടായിരുന്നുവെന്ന് പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു. 

അവസാന നിമിഷമാണ് തരൂരിന് ഈ തലപ്പാവ് അണിയാൻ ഭാഗ്യമുണ്ടായത്. അതിന് തുണയായത് തീരദേശ, ഗ്രാമീണ വോട്ടുകളാണ്. നേമവും കഴക്കൂട്ടവും വട്ടിയൂർക്കാവും ഉൾപ്പെട്ട നഗരമേഖല പൂർണമായി കൈവിട്ടു. രാവിലെ തിരഞ്ഞെടുപ്പ് സമിതിയുടെ യോഗം വിളിച്ചുച്ചേർത്ത തരൂർ, ഇക്കാര്യം യോഗത്തിൽ ഉയർത്തി. സംഘടനാ വീഴ്ചയുണ്ടായെന്ന് തരൂർ തന്നെ സമ്മതിച്ചു. 

തിരുവനന്തപുരം ജില്ലയിലാകെ ബി.ജെ.പിക്ക് ഉണ്ടായ മുന്നേറ്റത്തിന്റെ അപകടവും തരൂർ ഗൗരവത്തോടെ കാണുന്നുണ്ട്. അതേസമയം, കഴിഞ്ഞതവണ സി.ദിവാകരൻ നേടിയതിനെക്കാൾ പതിനായിരത്തിന് അടുത്ത് വോട്ട് കുറഞ്ഞതും പാറശാലയിൽ ഒഴികെ എല്ലായിടത്തും മൂന്നാം സ്ഥാനത്ത് പോയതിന്റെയും ഞെട്ടലിലാണ് ഇടതുമുന്നണി. തരൂരിന്റെ വിജയം പണമെറിഞ്ഞ് നേടിയതാണന്ന് പന്ന്യൻ ആരോപിച്ചു.