തിരുവനന്തപുരവും ആറ്റിങ്ങലും വിജയിച്ചെങ്കിലും ഡി.സി.സിയുടെ പിടിപ്പുകേട് ആണ് വോട്ട് ചോർച്ചയ്ക്ക് കാരണമായതെന്ന വിമർശനം ശക്തമാകുന്നു. ശശി തരൂരും അടൂർപ്രകാശും വരുംദിവസങ്ങളിൽ പാർട്ടി വേദികളിൽ ഡി.സി.സിക്കെതിരെ വിമർശനം കടുപ്പിക്കും. അതേസമയം, ജില്ലയിൽ സംഘടനാ വീഴ്ച ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് ഡി.സി.സി പ്രസിഡന്റ് പാലോട് രവി.
കപ്പിനും ചുണ്ടിനുമിടയിൽ എങ്ങനെയൊക്കെയോ അങ്ങ് വിജയിച്ചു. തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും വിജയത്തെ അണികൾ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. നേതൃത്വം പറയുന്നത് മറിച്ചാണെങ്കിലും. ജില്ലയിൽ നേമത്ത് മാത്രം ലഭിച്ചിരുന്ന ലീഡ് വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, കാട്ടാക്കട മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിച്ച് ബി.ജെ.പി മുന്നേറുകയാണ്. ഇടതുകോട്ടകൾക്കൊപ്പം കോൺഗ്രസിന്റെ വോട്ടിലും ചോർച്ചയുണ്ടായി. ഇക്കാര്യത്തിൽ ഡി.സി.സിയെ പ്രതിസ്ഥാനത്ത് നിർത്തി സംഘടനാ വീഴ്ചയുണ്ടായെന്നാണ് ശശി തരൂരും അടൂർ പ്രകാശും കുറ്റപ്പെടുത്തുന്നത്.
എന്നാൽ, സംഘടനാ വീഴ്ചയില്ലെന്ന നിലപാടിലാണ് ഡി.സി.സി പ്രസിഡന്റ്. രണ്ടു കേന്ദ്രമന്ത്രിമാർ രംഗത്തിറങ്ങിയതാണ് പ്രശ്നമെന്ന് പാലോട് രവി.സ്ഥാാനാർഥികളും ഡി.സി.സി പ്രസിഡന്റും തമ്മിൽ സ്വരചേർച്ചയില്ലാതിരുന്നുവെന്നും സംഘടനാ സംവിധാനം സ്ഥാനാർഥികൾക്ക് സ്വയം ചലിപ്പിക്കേണ്ടിവന്നുവെന്നും വിമർശനമുണ്ട്. ദുർബലമായ സംഘടനാ സംവിധാനവും വച്ച് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ കോൺഗ്രസിനായിരിക്കും കടുത്ത ക്ഷീണമെന്ന് വിമർശനം അടുത്തദിവസങ്ങളിൽ മറനീക്കി പുറത്തുവരും.