സുരേഷ് ഗോപി കാബിനറ്റ് പദവിയില്‍ കേന്ദ്ര മന്ത്രിസഭയിലേക്ക്. കേരളത്തില്‍നിന്ന് കാബിനറ്റ് മന്ത്രിയാകുന്ന ആദ്യ ബി.ജെ.പി. നേതാവാകും സുരേഷ്ഗോപി. രാജ്നാഥ് സിങ്ങും എസ്.ജയശങ്കറും അടക്കം മുന്‍ മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കള്‍ പലരും ഇക്കുറിയും ഇടംപിടിക്കും. ബി.ജെ.പി ദേശീയ അധ്യക്ഷനായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വിദിശ എം.പിയുമായ ശിവ്‍രാജ് സിങ് ചൗഹാനും അമിത് ഷായും പരിഗണനയിലുണ്ട്. അമിത് ഷാ മന്ത്രിസഭയില്‍ തുടര്‍ന്നാല്‍ സ്പീക്കര്‍ പദവി ടി.ഡി.പിക്ക് നല്‍കിയേക്കും. മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കും.
നരേന്ദ്ര മോദിയെ എന്‍.ഡി.എ. ലോക്സഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളിലെ യോഗത്തില്‍ രാജ്നാഥ് സിങ്ങാണ് മോദിയുടെ പേര് നിര്‍ദേശിച്ചത്. ഭരണഘടനയെ വണങ്ങിയാണ് മോദി സെന്‍ട്രല്‍ ഹാളിലെത്തിയത്. എന്‍.ഡി.എ സഖ്യത്തിന്‍റേത് ഉലയാത്ത ബന്ധമെന്നും സര്‍ക്കാര്‍ എന്‍.ഡി.എ സര്‍ക്കാരാണെന്ന് ഊന്നിപ്പറഞ്ഞും നരേന്ദ്ര മോദി. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എന്‍.ഡി.എ അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ചരിത്രത്തിലെ എറ്റവും കരുത്തുറ്റ സഖ്യമാണ് എന്‍.ഡി.എയെന്ന് പറഞ്ഞ പ്രസംഗത്തിലുടനീളം സഖ്യത്തെ പുകഴ്‌ത്തി. തീരുമാനങ്ങള്‍ ഏകകണ്ഠമായിരിക്കും. തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും എന്‍.ഡി.എ സര്‍ക്കാര്‍തന്നെയെന്നും മോദി പറഞ്ഞു. വികസനവും സദ്ഭരണവുമാണ് മുഖ്യലക്ഷ്യം. നിതീഷ്കുമാറും ചന്ദ്രബാബു നായിഡുവും എന്നും സദ്ഭരണത്തിനായി നിലകൊണ്ടവരാണെന്നും മോദി പ്രശംസിച്ചു. പ്രസംഗത്തില്‍ കേരളത്തെ പ്രത്യേകം എടുത്തുപറഞ്ഞു. സുരേഷ്ഗോപിയെ അഭിനന്ദിച്ച മോദി ദക്ഷിണേന്ത്യ കരുത്തുകാട്ടിയെന്നും പറഞ്ഞു.
ജനങ്ങള്‍ എന്‍.ഡി.എയില്‍ വിശ്വാസമര്‍പ്പിക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞപ്പോള്‍ മുഴുവന്‍ സമയവും മോദിക്കൊപ്പമെന്നായിരുന്നു നിതീഷ്കുമാര്‍ വാഗ്ദാനം. പരമാവധി മന്ത്രിപദങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ടി.ഡി.പി.