മൂന്നാം വര്‍ഷത്തിലെ നേട്ടങ്ങള്‍ സര്‍ക്കാര്‍ എണ്ണി പറയുമ്പോഴും പകുതിയായി നില്‍ക്കുന്നവയും ഇഴഞ്ഞു നീങ്ങുന്നവയുമായ പദ്ധതികളാണ് ഏറെയും. കെ.ഫോണ്‍, അതിദാരിദ്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്‍ എന്നിവ വലിയ നേട്ടമായാണ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡിലുള്ളത്.
മുന്നൂറു പേജുള്ള പ്രോഗ്രസ് കാര്‍ഡില്‍ 11 ഭാഗങ്ങളായാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മൂന്നാം വര്‍ഷ പ്രവര്‍ത്തനങ്ങളുടെ നേട്ടം പറയുന്നത്. 20 ലക്ഷം കണക്ഷന്‍ നല്‍കുമെന്ന് പറഞ്ഞ് ആരംഭിച്ച കെ ഫോണ്‍21 311സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും 5856 സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കും കണക്ഷന്‍നല്‍കി എന്നാണ് പ്രോഗ്രസ് കാര്‍ഡ് പറയുന്നത്. പദ്ധതി ഉത്ഘാടനം ചെയ്ത് വര്‍ഷമൊന്നാകുമ്പോഴും ഒച്ചിഴയും പോലെയാണ് പദ്ധതി പോകുന്നതെന്ന് വ്യക്തം. 47.89 ശതമാനം അതിദരിദ്രരെ ദാരിദ്യരേഖക്ക് മുകളിലേക്ക് കൊണ്ടുവന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബാക്കി 53 ശതമാനം പേരുടെ കാര്യമോ എന്ന ചോദ്യം സ്വാഭാവികമായി ഉയരു.
1,41,680 വീടുകള്‍ ലൈഫ് മിഷന്‍വഴി നല്‍കി എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ പദ്ധതി നീണ്ടതാണോ അതോ ഇത് രണ്ടാം ഘട്ടമാണോ? എന്‍ഡോസള്‍ഫാന്‍ദുരിത ബാധിതര്‍ക്കായി പുനരധിവാസ ഗ്രമത്തിന്‍റെ പദ്ധതി ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി എന്നാണ് പ്രോഗ്രസ് കാര്‍ഡിലുള്ളത്. എന്‍ഡോസള്‍ഫാന്‍ദുരിതബാധിതരുടെ ദുരിതം കുറയുന്നില്ലല്ലോ എന്നതാണ് മറുവാക്കായി ഉയരുന്നത്. 37124പേര്‍ക്ക് 2023–24 കാലയളവില്‍ പി.എസ്.സി നിയമന ശുപാര്‍ശ നല്‍കി 1341 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. അപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍സമരം ചെയ്ത സിപിഒ റാങ്ക് ലിസ്റ്റുകാര്‍പറഞ്ഞതൊക്കെ കളവായിരുന്നോ? . കെ.എസ്.ആര്‍ടിസിയുടെ അവസാനമില്ലാത്ത പ്രശ്നങ്ങള് ആര് പരിഹരിക്കും എന്ന് ചോദിക്കാന്‍വരട്ടെ. 2021–24 ല്‍ 5,537 കോടി സര്‍ക്കാര്‍ കെ.എസ്.ആര്‍ടിസിക്ക് നല്‍കിയത്രെ. കിഫ്ബിയുടെ തിരിച്ചടവ് ബാധ്യതള്‍ സര്‍ക്കാരിന്‍റേതല്ല എന്ന് പ്രോഗ്രസ് കാര്‍ഡ് അടിവരയിടുന്നു. അത് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്താനാകുമോ? ആ ബാധ്യത ഏതായാലും ജനങ്ങളുടെ ബാധ്യത തന്നെയായി തുടരില്ലേ?