ബാര്‍ കോഴയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വിജിലന്‍സിന് കത്തുനല്‍കി. ബാര്‍ ഉടമ അസോസിയേഷന്‍ അംഗത്തിന്‍റെ പുറത്തുവന്ന ശബ്ദസന്ദേശം തെളിവായി എടുത്ത് കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന് കത്തില്‍ ആവശ്യം. എക്സൈസ്– ടൂറിസം മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബാര്‍ ഉടമകള്‍ക്കും എതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഡ്രൈഡേയുള്‍പ്പടെയുള്ളവ പുതിയ മദ്യനയം വരുമ്പോള്‍ സര്‍ക്കാര്‍ പിന്‍വലിക്കുമെന്നും അങ്ങനെ വേണമെങ്കില്‍ കൊടുക്കേണ്ടത് കൊടുക്കണമെന്നുമായിരുന്നു ബാറുടമകളുടെ സംഘടന ഭാരവാഹിയുടെ ശബ്ദസന്ദേശം. രണ്ടര ലക്ഷം രൂപ വീതമാണ് ഇടുക്കിയിലെ ബാറുടമകളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ശബ്ദസന്ദേശം പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാരിലേക്ക് അല്ല പണം ആവശ്യപ്പെട്ടതെന്നും കെട്ടിടത്തിന്‍റെ നിര്‍മാണത്തിലേക്കാണെന്നും വിശദീകരണവും തുടര്‍ന്ന് വന്‍ വിവാദവും ഉണ്ടായിരുന്നു. മദ്യനയത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷും വിശദീകരിച്ചിരുന്നു.