തൃശൂര്‍ ‘മുരളീമന്ദിര’ത്തിലെ കെ.കരുണാകരന്റെ സ്മൃതിമണ്ഡപത്തില്‍ പ്രാര്‍ഥിക്കാന്‍ 2019ല്‍ അനുമതി ചോദിച്ചപ്പോള്‍ പത്മജ വേണുഗോപാല്‍ രാഷ്ട്രീയം പറഞ്ഞ് വിലക്കിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ തവണ തൃശൂരില്‍ സ്ഥാനാര്‍ഥിയായപ്പോഴാണ് ആദ്യം ശ്രമിച്ചത്. അന്ന് പത്മജ കോണ്‍ഗ്രസിലായിരുന്നു. ‘എന്റെ പാര്‍ട്ടിക്കാരോട് ഞാന്‍ എന്തുപറയും, അത് തെറ്റല്ലേ സുരേഷേ’ എന്നാണ് പത്മജ പ്രതികരിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ കേന്ദ്രമന്ത്രിയെന്ന നിലയിലാണ് ഇന്ന് കെ.കരുണാകരന്റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ചത്. മന്ത്രിയെ തടയാന്‍ പത്മജയ്ക്കോ മുരളീധരനോ കഴിയില്ലെന്നും പത്മജ വേണുഗോപാലിനെ അടുത്തുനിര്‍ത്തി സുരേഷ് ഗോപി പറഞ്ഞു.
‘ഇന്ദിരാഗാന്ധിയെ ഭാരതത്തിന്റെ മാതാവായി കാണുന്നതുപോലെ കെ.കരുണാകരനെ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവായാണ് ഞാന്‍ കാണുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളോടും മറ്റ് മുതിര്‍ന്ന നേതാക്കളോടുമുള്ള അപമര്യാദയല്ല ഈ നിലപാട്. എന്നെ മാനസപുത്രന്‍ എന്ന് വിശേഷിപ്പിച്ചിട്ടുള്ളയാളാണ് കെ.കരുണാകരന്‍’. തന്റെ തലമുറയിലെ ധീരനായ ഭരണാധികാരിയെന്ന നിലയില്‍ കരുണാകരന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയോടും ഇഷ്ടമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
കെ.കരുണാകരനും ഇ.കെ.നായനാരും തന്റെ രാഷ്ട്രീയഗുരുക്കന്മാരില്‍ പ്രഥമഗണനീയരാണെന്ന് കേന്ദ്രസഹമന്ത്രി പറഞ്ഞു. അവര്‍ ഇരുവരും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭിന്നമായ രാഷ്ട്രീയ ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്നവരാണ്. അതുകൊണ്ട് അവരോടുള്ള ഉത്തരവാദിത്തം നിറവേറ്റാതിരിക്കാന്‍ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.