ലോക്സഭ തിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയുടെ കാരണങ്ങള്‍ പഠിക്കാന്‍ അഞ്ച് ദിവസം നീളുന്ന സി.പി.എമ്മിന്‍റെ നേതൃയോഗങ്ങള്‍ക്ക് തുടക്കം. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും തിരുത്താന്‍ പാര്‍ട്ടി ശ്രമിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് പരാജയ കാരണമെന്നും മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നും സി.പി.ഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ വീണ്ടും വിമര്‍ശനം ഉയര്‍ന്നു. സിപിഎമ്മിൽ നേതാക്കൾ തമ്മിൽ പോരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.  

ഭരണവിരുദ്ധ വികാരമോ മുഖ്യമന്ത്രി വിരുദ്ധ വികാരമോ അല്ല തോല്‍വിക്ക് കാരണമെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരസ്യനിലപാട്. എന്നാല്‍ ക്ഷേമപ്രവര്‍ത്തനങ്ങളിലടക്കം സര്‍ക്കാരിന്‍റെ വീഴ്ചകള്‍ തോല്‍വിക്ക് കാരണമായെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പരസ്യമായി പറഞ്ഞു. തോല്‍വിയുടെ കാരണം മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ ജനവികാരമാണെന്ന വിമര്‍ശനം സി.പി.ഐയുള്‍പ്പെടേയുള്ള ഘടകക്ഷികള്‍ ആവര്‍ത്തിച്ച് പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് അഞ്ച് ദിവസത്തെ സി.പി.എം നേതൃയോഗങ്ങള്‍.  ഇന്നും നാളെയും ചേരുന്ന സെക്രട്ടറിയേറ്റ് യോഗവും തുടര്‍ന്ന് മൂന്ന് ദിവസത്തെ സംസ്ഥാന കമ്മറ്റി യോഗവും തോല്‍വിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കും. 

ഭരണത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. അതിന്റെ സൂചനയായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. തിരുത്തലുകള്‍ക്ക് പുറമെ കെ.രാധാകൃഷ്ണന് പകരം മന്ത്രിയാര് എന്ന കാര്യത്തിലും തീരുമാനമായേക്കും. ഇന്നലെ ചേര്‍ന്ന സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗത്തിലും  മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ അഴിമതി ആരോപണങ്ങളും ന്യൂനപക്ഷ പ്രീണനം അതിരുവിട്ടതും തിരിച്ചടിയായെന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പ് പരാജയത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇരുധ്രുവങ്ങളിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. 

ENGLISH SUMMARY:

Five-day-long CPM leadership meetings to study the reasons for the massive defeat in the Lok Sabha elections have begun