തിരുവല്ലയിൽ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ സിപിഎം നേതാവിനെ പാർട്ടിയിൽ തിരിച്ചെടുത്തു. സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി.സി. സജിമോനെയാണ് തിരിച്ചെടുത്തത്. സിപിഎം കൺട്രോൾ കമ്മീഷൻ പുറത്താക്കൽ റദ്ദ് ചെയ്തതോടെയാണ് നടപടി.
2018ൽ വിവാഹിതയായ സ്ത്രീയെ ഗർഭിണിയാക്കി. കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ നടന്ന ഡിഎൻഎ പരിശോധന ആൾമാറാട്ടം നടത്തി അട്ടിമറിക്കാൻ ശ്രമിച്ചു. സംഭവം പുറത്തുവന്നതിന് പിന്നാലെതന്നെ സിസി സജിമോനെ പാർട്ടി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നെങ്കിലും രണ്ടുവർഷത്തിനു ശേഷം പാർട്ടിയിൽ തിരിച്ചെത്തിയ ഇയാൾ കൂടുതൽ ചുമതലയേൽക്കുകയായിരുന്നു. 2022 ൽ വനിതാ നേതാവിന് ലഹരിമരുന്ന് നൽകി നഗ്ന വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും സിസി സജിമോൻ പ്രതിയാണ്.
വിവാഹിതയായ സ്ത്രീയെ ഗർഭിണിയാക്കിയ സംഭവത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത് പിന്നാലെ കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെകെ ശൈലജ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടേതായിരുന്നു നടപടി. ഒരു തെറ്റിൽ രണ്ട് നടപടി വേണ്ടെന്ന് കമ്മീഷന്റെ തീരുമാനത്തിന്റെ പുറത്താണ് ഇപ്പോഴത്തെ തിരിച്ചെടുക്കൽ. തിരുവല്ലയിലെ ഔദ്യോഗിക പക്ഷത്തിന്റെ അടുത്തയാളായ സജിമോന് വേണ്ടി ഔദ്യോഗിക പക്ഷം തന്നെയാണ് ചരടുവലി നടത്തിയതെന്നാണ് വിവരം. അതേസമയം പീഡന വീരനെ തിരിച്ചെടുത്തതിൽ പാർട്ടി അണികളിൽ നിന്നുതന്നെ എതിർപ്പ് ഉയരുന്നുണ്ട്.