• 'ഈഴവ, ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായി'
  • 'ക്രൈസ്തവരില്‍ ഒരു വിഭാഗം ബി.ജെ.പി അനുകൂലമായി'
  • 'പാര്‍ട്ടി ജനങ്ങളിലേക്ക് ഇറങ്ങും'

ലോക്സഭ തിര‍ഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ജനങ്ങളെ മനസിലാക്കുന്നതില്‍ വന്ന വീഴ്ചയാണെന്ന് തുറന്ന് സമ്മതിച്ച് സി.പി.എം. പാര്‍ട്ടി ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ നല്ല പരാജയമാണ് ഉണ്ടായത്. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫുമാണ് ഏറ്റുമുട്ടിയത്. എന്നാല്‍  കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തുവെന്നും ജമാ അത്തെ ഇസ്​ലാമി, എസ്.ഡി.പി.ഐ വോട്ടുകള്‍ യു.ഡി.എഫിന് കിട്ടിയെന്നും അദ്ദേഹം വിശദീകരിച്ചു. 

ഈഴവ, ന്യൂനപക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തിന് നഷ്ടമായി. തുഷാര്‍ വെള്ളാപ്പള്ളി ബി.ഡി.ജെ.എസ് രൂപീകരിച്ചതോടെ എസ്.എന്‍.ഡി.പിയിലേക്ക് ബി.ജെ.പി കടന്നുകയറി. ഒരു സീറ്റ് ബി.ജെ.പി നേടിയതാണ് ഏറ്റവും അപകടകരം. ക്രൈസ്തവരില്‍ ഒരു വിഭാഗം ബി.ജെ.പിക്ക് അനുകൂലമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ കോണ്‍ഗ്രസിന്‍റെ വോട്ടുചോര്‍ച്ച ക്രൈസ്തവര്‍ക്കിടയിലാണുണ്ടായതെന്നും എം.വി ഗോവിന്ദന്‍ വിശദീകരിച്ചു. പിണറായിയെയും കുടുംബത്തെയും മാധ്യമങ്ങള്‍ കടന്നാക്രമിച്ചുവെന്നും ഇത് ജനങ്ങളില്‍ സ്വാധീനമുണ്ടാക്കിയെന്നും തോല്‍വിക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രനേതാക്കള്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന നാല് മേഖലായോഗങ്ങള്‍ നടത്തുമെന്നും ഏതു വിശ്വാസിക്കും പാര്‍ട്ടിയിലേക്ക് കടന്നുവരാമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. 

ENGLISH SUMMARY:

CPM failed to understand people says state secretary MV Govindan. Party lost minority and ezhava votes, a faction of christians voted for bjp. He urges comrades to work with common people and regain mass support.