വടകരയിൽ എം.പി ഓഫീസ് കണ്ടെത്തിയിട്ടുണ്ടെന്നും 24ന് തുടങ്ങുന്ന പാർലമെൻ്റ് സമ്മേളനത്തിന് ശേഷം ഔപചാരികമായി പ്രവർത്തനമാരംഭിക്കുമെന്നും വടകര എംപി ഷാഫി പറമ്പിൽ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങൾക്കായി വടകരയിലും തലശ്ശേരിയിലും എം.പി ഓഫീസ് ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ഷാഫി പറമ്പിലിനെ താരതമ്യം ചെയ്തുകൊണ്ടുള്ള കമന്റുകളാണ് ഇതിന് താഴെ വരുന്നവയിൽ അധികവും. 

ഉമ്മൻ ചാണ്ടിയുടെ യഥാർത്ഥ പിൻഗാമി, വടകരക്കാർക്കും കിട്ടി ഒരു ന്യൂജനറേഷൻ ഉമ്മൻചാണ്ടിയെ, ഉമ്മൻചാണ്ടി മോഡൽ, ഉമ്മൻ‌ചാണ്ടി സാറിന്റെ ജനസമ്പർക്കം ഓർമ്മവരുന്നു തുടങ്ങി നിരവധി താരതമ്യ കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വരുന്നത്. 

സിപിഎമ്മിലെ ജനകീയ നേതാവും മുൻ ആരോ​ഗ്യ മന്ത്രിയുമായ  കെകെ ശൈലജയ്ക്കാണ് വടകരയിൽ കോൺ​ഗ്രസ് യുവ നേതാവായ ഷാഫി പറമ്പിലിനു മുന്നിൽ കാലിടറിയത്. ഷാഫി പറമ്പിലിന്റെ ഊർജസ്വലതയും യുവത്വവും യുവാക്കളെയും സ്ത്രീകളേയും സ്വാധീനിച്ചു. മുസ്‌ലിം, ക്രിസ്ത്യൻ വോട്ടുകളിൽ വലിയൊരു ഭാഗം നേടാൻ ഷാഫിക്ക് സാധിച്ചിരുന്നു. 

വടകരയിലെ മിന്നും ജയത്തിനുശേഷം ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്കും ഷാഫി പറമ്പിൽ എത്തിയിരുന്നു. ഇനി ജനിക്കാൻ പോകുന്ന പ്രവർത്തകർക്ക് പോലും ഉമ്മൻചാണ്ടി ഒരു മാതൃകയായിരിക്കുമെന്ന് കല്ലറയിൽ പ്രാർത്ഥിച്ചിറങ്ങിയ ഷാഫി പറമ്പിൽ പ്രതികരിച്ചിരുന്നു. ഉമ്മൻചാണ്ടി എത്തിയാൽ ഓടിക്കൂടുന്ന നാട്ടുകാരും പ്രവർത്തകരുമൊക്കെ  ഷാഫി പറമ്പിലിനെ കാണാനും പുതുപ്പള്ളിയിലെത്തിയിരുന്നു.

കേരളം ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ വീറും വാശിയും ഒരല്‍പ്പം കൂടിയ പോരാട്ടം നടന്നത് വടകരയിൽ തന്നെയായിരുന്നു. ഉമ്മൻചാണ്ടിയുടെ ജനകീയതയുമായി താരതമ്യപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ലെങ്കിലും, എന്നും മാതൃക ഉമ്മൻ ചാണ്ടി തന്നെയെന്ന് ഷാഫി പറമ്പിൽ മുൻപ് പ്രതികരിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Social media comparing Shafi Parambil with Oommen Chandy