ep-jayarajan

TOPICS COVERED

ഇ പി ജയരാജനെ LDF കണ്‍വീനര്‍  സ്ഥാനത്ത് നീക്കണമെന്ന് ലക്ഷ്യവുമായി  സിപിഎമ്മില്‍ ഒരു വിഭാഗം  നീക്കം തുടങ്ങി. ബിജെപി നേതാവ് പ്രകാശ് ജാവഡേദക്കറുമായുള്ള കൂടിക്കാഴ്ച  പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ്  ഇപിക്കെതിരെ നീക്കം ആരംഭിച്ചിരിക്കുന്നത് . സംസ്ഥാന കമ്മിറ്റിയിലും ജില്ല കമ്മിറ്റികളിലും ഉള്‍പ്പടെ ഇപിയുടെ സൗഹൃദങ്ങളെപ്പറ്റി വിമര്‍ശനം ഉയരുന്നുണ്ട്.

 

ഇപിയുടെ ജാഗ്രതക്കുറവിനെതിരെ  മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു വോട്ടെടുപ്പ് ദിവസം തുറന്നടിച്ചത്.  മറ്റാരും ഇപിക്കെതിരെ പരസ്യമായി പറയാന്‍ തയാറായിട്ടില്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ രൂക്ഷവിമര്‍ശനമാണ് ഇ പി ജയരാജന്‍ നേരിടുന്നത് .  ഇടനിലക്കാരന്‍ നന്ദകുമാറുമായുള്ള ബന്ധവും പ്രകാശ് ജാവഡേദ്ക്കറുമായുള്ള കൂടിക്കാഴ്ചയും ആയുധമാക്കുകയാണ്  ഇപി വിരുദ്ധ ചേരി പടയൊരുക്കം തുടങ്ങിയത് . ഇ പി ക്കെതിരെ റിസോര്‍ട്ട് വിവാദം സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ത്തിയ പി ജയരാജന്‍ കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിലും  ലക്ഷ്യമിട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിവിട്ടിരുന്നു. ഇ പി ജയരാജന്‍റെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നീക്കുകയാണ് എതിര്‍ചേരിയുടെ ലക്ഷ്യം .  പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ നേതാക്കള്‍ തെറ്റുതിരുത്തണമെന്ന് ജില്ലാ കമ്മിറ്റികളില്‍ വിമര്‍ശനം ശക്തമാണ്. വോട്ടെടുപ്പ് പോലുള്ള നിര്‍ണായക ദിനം പ്രകാശ് ജാവഡേദ്ക്കറുമായുള്ള കൂടിക്കാഴ്ച ഇ പി സ്ഥിരീകരിച്ചത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാനാണെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത് . ഇപിക്കെതിരായ നീക്കത്തിന് പിന്നില്‍ സംസ്ഥാന നേതൃത്വത്തിലെ ആരുടെയൊക്കെ പിന്‍തുണയുണ്ടെന്നതണ് പ്രധാനം . സിപിഎമ്മിലെ ഈ നീക്കത്തെപ്പറ്റി ചില ഘടകക്ഷി നേതാക്കള്‍ക്കും ബോധ്യമുണ്ട്. എന്നാല്‍ ആരും ഔദ്യോഗികമായി ഒന്നും സൂചിപ്പിച്ചിട്ടില്ലെന്ന് ചില നേതാക്കള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  പാര്‍ട്ടിയുടെ മേഖല യോഗങ്ങള്‍ കഴിഞ്ഞ് തെറ്റുതിരുത്തല്‍ നടപടികളിലേക്ക് സിപിഎം പോകുമ്പോള്‍ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി തെറിക്കുമോ എന്നതാണ് അറിയേണ്ടത്. 

ENGLISH SUMMARY:

Will EP Jayarajan be removed from LDF convener?