pc-vishnunath-sabha-0107

പൊലീസുകാരുടെ ആത്മഹത്യ അമിതമായ ജോലി ഭാരവും മാനസിക സമ്മർദ്ദവും മൂലമെന്ന് പ്രതിപക്ഷം നിയമസഭയിൽ. ഒഴിവുകൾ നികത്തതാണ് പ്രധാന പ്രശ്നം എന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി.സി.വിഷ്ണുനാഥ് ചൂണ്ടിക്കാണിച്ചു. ജോലി ഭാരം ഉണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി ഒഴിവുകൾ നികത്തുന്നില്ലെന്ന ആരോപണം തള്ളി. സ്വർണം പൊട്ടിക്കലിലേയും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലേയും സി.പി.എം ബന്ധം പൊലീസിനെ സമർദ്ദത്തിലാക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

 

‘‘അപ്പുവും അമലുവും വിഷമിക്കരുത് എന്ന് തുടങ്ങി ഇതിനെക്കാൾ വലിയ റിപ്പോർട്ട് വേണോ..!’’ ജീവനൊടുക്കിയ പൊലീസുകാരൻ ജോബിദാസിന്റെ നീറുന്ന ആത്മഹത്യാക്കുറിപ്പ് വായിച്ചാണ് സേനയിലെ മാനസിക സമ്മർദ്ദവും ജോലിഭാരവും പി.സി. വിഷ്ണുനാഥ് സഭയിലെത്തിച്ചത്. അഞ്ചു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 88 പൊലീസുകാർ. ആറ് ദിവസത്തിനിടെ ജീവനൊടുക്കിയത് അഞ്ച് പൊലീസുകാരും. ആത്മഹത്യാ കണക്കുകളും ഒഴിവുകളുടെ വിവരങ്ങളും നിരത്തിയ പ്രതിപക്ഷം സിപിഒ റാങ്ക് ഹോൾഡേഴ്സിൻ്റെ സമരത്തോട് സർക്കാർ സ്വീകരിച്ചു സമീപനവും ഓർമിപ്പിച്ചു. 

ജോലി ഭാരം ശരിവച്ച മുഖ്യമന്ത്രി അതൊക്കെ പൊലീസുകാരുടെ ജോലിയുടെ സ്വഭാവത്തിന്റെ ഭാഗമാണെന്നു ന്യായീകരിച്ചു. എട്ട് മണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിലെ രാഷ്ട്രീയ ഇടപെടൽ ഉയർത്തിയായിരുന്നു പ്രതിപക്ഷ നേതാവ് ഭരണപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തിയത്. രാഷ്ട്രീയ ഇടപെടൽ ഇല്ലെന്ന് നെഞ്ചത്ത് കൈവെച്ച് പറയാൻ കഴിയുമോ വി.ഡി.സതീശന്‍ ചോദിച്ചു. എസ്.പിമാരെ ജില്ലാ കമ്മറ്റികളും സി.ഐമാരെ ഏരിയാ കമ്മറ്റികളും നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. 

ENGLISH SUMMARY:

The opposition in the assembly said that suicide of policemen is due to excessive work load and mental stress.