Image∙ Shutterstock - 1

ഇത്തവണത്തെ ലോക്സഭാ ഫലം വെച്ച് കേരളത്തിൽ ഇടതുപക്ഷത്തിന്റെ ചരമക്കുറിപ്പ് എഴുതാൻ തിടുക്കംകൂട്ടുന്നവർ 2021-ലെ പോലെ 2026-ലും ഇച്ഛാഭംഗം നേരിടുമെന്ന് മുൻമന്ത്രി തോമസ് ഐസക്. എൽഡിഎഫിന്റെ അടിത്തറ തകർന്നുവെന്നെല്ലാം ആർപ്പുവിളിക്കുന്നത് വെറുതെയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 33.35 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. ഒരു സീറ്റും. എൽഡിഎഫിന്റെ അടിത്തറ തകർന്നുവെന്നെല്ലാം ആർപ്പുവിളിക്കുന്നവർക്കു വേണ്ടി ചില കണക്കുകൾ സൂചിപ്പിക്കട്ടെ. 2009-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 41.95 ശതമാനം വോട്ടും, 2014-ലെ തെരഞ്ഞെടുപ്പിൽ 40.2 ശതമാനം വോട്ടും, 2019-ലെ തെരഞ്ഞെടുപ്പിൽ 35.1 ശതമാനം വോട്ടുമേ ലഭിച്ചുള്ളൂ. പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്റെ വോട്ടിംഗ് ശതമാനം അനുക്രമമായി കുറഞ്ഞ് 2009-ലെ 41.95 ശതമാനത്തിൽ നിന്നും 2024-ലെ 33.35 ശതമാനമായി താഴ്ന്നിരിക്കുന്നു. ശരാശരി 37.65 ശതമാനം. ഇതുകണ്ട് “അപ്രത്യക്ഷമാകുന്ന ഇടതുപക്ഷം” എന്നൊക്കെ അച്ച് നിരത്തിയവരുണ്ട്.

അവരോടൊക്കെ പറയാനുള്ളത് ഇതാണ്: പാർലമെന്റിൽ ഇപ്രകാരം വോട്ട് ശതമാനം അനുക്രമമായി കുറഞ്ഞുവന്ന വേളയിൽ അസംബ്ലി തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ വോട്ട് ശതമാനം എത്ര വീതമാണ്? 2011-ൽ 45.13 ശതമാനം, 2016-ൽ 43.35 ശതമാനം, 2021-ൽ 45.28 ശതമാനം. ശരാശരി 44.59 ശതമാനം.

ഇതാണ് പാർലമെന്റിലേക്കും അസംബ്ലിയിലേക്കുമുള്ള വോട്ടിന്റെ പാറ്റേൺ. 2009 മുതൽ ബംഗാളിലെയും ത്രിപുരയിലെയും തകർച്ച, മറ്റു സംസ്ഥാനങ്ങളിലെ വർദ്ധിച്ച ദൗർബല്യം എന്നിവമൂലം ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പാർലമെന്ററി റോൾ ഗണ്യമായി കുറഞ്ഞു. കേരളത്തിലെ വോട്ടിംഗിലും ഇത് പ്രതിഫലിച്ചിട്ടുണ്ട്. പാർലമെന്റിൽ ബിജെപിയെ ചെറുക്കുന്നതിന് ഇടതുപക്ഷത്തേക്കാൾ കൂടുതൽ ഫലപ്രദമായ റോൾ വഹിക്കാനാവുക കോൺഗ്രസിനാണെന്ന ധാരണ ന്യൂനപക്ഷങ്ങൾക്കിടയിൽ മാത്രമല്ല മറ്റുപല മതനിരപേക്ഷ വിഭാഗങ്ങൾക്കിടയിലും പരന്നെങ്കിൽ അത്ഭുതപ്പെടാനില്ല. ഇത് ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായി. കാരണം ഇടതുപക്ഷവും ഇന്ത്യാ മുന്നണിയിലാണ്. ഇന്ത്യാ മുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട ശക്തി കോൺഗ്രസാണ്. അതുകൊണ്ട് ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യുകയാണ് വേണ്ടതെന്ന വാദത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചെങ്കിൽ അത്ഭുതപ്പെടാനില്ല.

ഇതായിരുന്നില്ല 2009-ന് മുമ്പുള്ള സ്ഥിതി. 1989 മുതൽ 2004 വരെയുള്ള കാലത്ത് (1989, 1991, 1996, 1998, 1999, 2004) ആറ് പാർലമെന്റ് തെരഞ്ഞെടുപ്പുകൾ നടന്നു. അവയിൽ ഇടതുപക്ഷത്തിന് 1999-ൽ ലഭിച്ച 43.6 ശതമാനം വോട്ടായിരുന്നു ഏറ്റവും കുറഞ്ഞത്. 2004-ൽ ലഭിച്ച 46.23 ശതമാനം വോട്ട് ആയിരുന്നു ഏറ്റവും കൂടുതൽ. ആറ് തെരഞ്ഞെടുപ്പുകളുടെ ശരാശരി എടുത്താൽ 44.7 ശതമാനം വോട്ട്. 

ഇതേ കാലയളവിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടിന്റെ ശതമാനം എത്രയാണ്? 1987, 1991, 1996, 2001, 2006 എന്നിങ്ങനെ അഞ്ച് അസംബ്ലി തെരഞ്ഞെടുപ്പുകളാണ് ഈ കാലയളവിൽ ഉണ്ടായത്. 2001-ൽ ലഭിച്ച 43.70 ശതമാനം വോട്ടുകളായിരുന്നു ഏറ്റവും താഴ്ന്നത്. 2006-ൽ ലഭിച്ച 48.63 ശതമാനം വോട്ടുകളായിരുന്നു ഏറ്റവും ഉയർന്നത്. ശരാശരി എടുത്താൽ  45.5 ശതമാനം വോട്ട്. പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ ശരാശരിയെ അപേക്ഷിച്ച് 0.8 ശതമാന പോയിന്റ് മാത്രമാണ് വർദ്ധന.

ഇന്ത്യാ മുന്നണിയാണ് ബിജെപിയെ തോൽപ്പിച്ച് ഡൽഹിയിൽ അധികാരത്തിൽ വരേണ്ടത്. ആ സന്ദർഭത്തിൽ ജനങ്ങളുടെയും കേരളത്തിന്റെയും ആവശ്യങ്ങൾ ഉയർത്താൻ ശക്തമായ ഇടതുപക്ഷ പ്രാതിനിധ്യം വേണമെന്നതായിരുന്നല്ലോ എൽഡിഎഫിന്റെ കേന്ദ്ര പ്രചാരണം. ഇത് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള വലിയ വിഭാഗം മതനിരപേക്ഷ ശക്തികളെ വേണ്ടത്ര ബോധ്യപ്പെടുത്തുന്നതിന് കഴിഞ്ഞില്ലായെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഈ ഫലംവച്ച് ഇടതുപക്ഷത്തിന്റെ ചരമക്കുറിപ്പ് എഴുതാൻ തിടുക്കംകൂട്ടുന്നവർ 2026-ൽ ഇച്ഛാഭംഗം നേരിടുമെന്നും അദ്ദേഹം പരിഹസിച്ചു. 

ENGLISH SUMMARY:

Dr.T.M Thomas Isaac facebook post about 2026 kerala Assembly election